പ്രഭാസ് ചിത്രം ദി രാജാസാബിന്റെ സോങ് ലോഞ്ച് കഴിഞ്ഞ് തിരിച്ചിറഞ്ഞവേ നടി നിധി അഗർവാളിന് നേരിടേണ്ടി വന്ന ദുരനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഹൈദരാബാദിൽ വെച്ചു നടന്ന പരിപാടിക്ക് ശേഷം മടങ്ങുന്നതിനിടെയാണ് നടി ആരാധകർക്കിടയിൽ പെട്ടത്. ഒരു വിധത്തിൽ കാറിൽ കയറി രക്ഷപ്പെടുന്ന നടി വളരെയധികം അസ്വസ്ഥയാകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നടിക്ക് ചുറ്റും ഉന്തും തള്ളുമായി കൂടുന്ന ആളുകളെയും വീഡിയോയിൽ കാണാം. നടിയെ തൊടാനും വസ്ത്രം പിടിച്ച് വലിക്കാനും സെൽഫി എടുക്കാനുമെല്ലാം ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. സുരക്ഷാ ജീവനക്കാരും നടിയെ കാറിലേക്ക് എത്തിക്കാൻ നന്നായി ബുദ്ധിമുട്ടി.
വീഡിയോ പ്രചരിച്ചതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് പുറത്തുവരുന്നത്. ഒരു സ്ത്രീയ്ക്ക് പൊതുയിടത്ത് ഇത്തരം അനുഭവം നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന സംഭവം ആണെന്നും ആളുകൾ കുറച്ചുകൂടി മാന്യമായി പെരുമാറണമെന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്. നടിയ്ക്ക് കൃത്യമായി സുരക്ഷ ഒരുക്കാത്തതിലും വിമർശനം ഉയരുന്നുണ്ട്. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ വലിയ വീഴ്ചയുണ്ടായതായും പരിപാടിക്ക് പൊലീസ് അനുമതി വാങ്ങിയില്ലെന്നും അത് സുരക്ഷയെ ബാധിച്ചെന്നും റിപ്പോർട്ടുകളുണ്ട്. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ചുകൊണ്ട് വിമർശനങ്ങൾ ഉയർത്തുന്നത്.
ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും കമന്റുകൾ ഉയരുന്നുണ്ട്. പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ ജനുവരി 9നാണ് തിയേറ്ററിൽ എത്തുന്നത്. സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത ‘റിബൽ സാബ്’ എന്ന ഗാനത്തിന് പിന്നാലെയാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.




