രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ധുരന്ദർ’. വലിയ പ്രതീക്ഷയോടെ ഏവരും കാത്തിരുന്ന സിനിമയാണ് ഇത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ വാരം കളക്ഷനിൽ മെല്ലെ തുടങ്ങിയ സിനിമ രണ്ടാം വാരത്തിൽ വലിയ കുതിപ്പാണ് ഉണ്ടാക്കുന്നത്. ഹിന്ദിയിലെ നിലവിലെ റെക്കോർഡുകൾ എല്ലാം ചിത്രം തിരുത്തിക്കുറിക്കും എന്ന സൂചനകളാണ് പുറത്തുവരുന്നത്.
രണ്ടാം വാരത്തിലെ ആദ്യത്തെ വെള്ളിയാഴ്ചയായ ഇന്നലെ 31 കോടിയാണ് ധുരന്ദർ നേടിയത്. ഇതോടെ ഹിന്ദി മാർക്കറ്റിൽ പുഷ്പ 2 , ബാഹുബലി 2 എന്നീ സിനിമകൾ നേടിയ കളക്ഷനെ ചിത്രം മറികടന്നു. ശനിയാഴ്ചത്തെ കളക്ഷന്റെ ആദ്യ സൂചനകൾ നോക്കുമ്പോൾ ചിത്രം 50 കോടിക്കും മുകളിൽ നേടുമെന്നാണ് സൂചന. ഇതോടെ സിനിമയുടെ കളക്ഷൻ 270.53 കോടിയായി. ആദ്യ ദിനങ്ങളിൽ പതിയെ തുടങ്ങിയ സിനിമയ്ക്ക് തുടർന്ന് വലിയ കുതിപ്പ് ഉണ്ടാക്കാൻ കഴിഞ്ഞു . ആദ്യ ദിനം 28 കോടി ആയിരുന്നു സിനിമയുടെ കളക്ഷൻ. മുംബൈ, പുനൈ തുടങ്ങിയ ഇടങ്ങളിൽ രാത്രി 12 മണിക്കുള്ള ഷോ വരെ നിറഞ്ഞ സദസിലാണ് പ്രദർശനം തുടരുന്നത്. ആഗോള തലത്തിൽ ചിത്രം 1000 കോടിയിലേക്ക് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
സിനിമയുടെ റിലീസിന് പിന്നാലെ സോഷ്യൽ മീഡിയയിലാകെ ഇപ്പോൾ ട്രെൻഡിങ് അക്ഷയ് ഖന്ന ആണ്. ചിത്രത്തിലെ ഒരു സീനിൽ ഒരു പാട്ടിന്റെ അകമ്പടിയിൽ അക്ഷയ് ഖന്ന ഡാൻസ് കളിച്ച് വരുന്ന സീൻ ആണ് വൈറലാകുന്നത്. പക്കാ വൈബിൽ സ്റ്റൈലിഷ് മൂഡിലാണ് നടന്റെ ഡാൻസ്. തിയേറ്ററിൽ ഈ സീനിന് വലിയ കയ്യടികളാണ് ലഭിച്ചത്. ഫ്ലിപ്പരാച്ചി എന്ന പേരിൽ അറിയപ്പെടുന്ന ഹുസം അസീം കമ്പോസ് ചെയ്ത അറബിക് ഗാനമാണ് ഈ സീനിൽ ഉപയോഗിച്ചിരിക്കുന്നത്. കിടിലൻ ഓറയാണ് അക്ഷയ്‌ക്കെന്നും നടൻ ഇത്തരത്തിലുള്ള സ്റ്റൈലിഷ് കഥാപാത്രങ്ങൾ ഇനിയും ചെയ്യണമെന്നുമാണ് കമന്റുകൾ. റഹ്മാൻ ദകൈത് എന്ന വില്ലനെയാണ് ചിത്രത്തിൽ അക്ഷയ് ഖന്ന അവതരിപ്പിച്ചത്.
ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണ്ണായക വേഷങ്ങളിലെത്തുന്നു. ‘ഉറി ദ സർജിക്കൽ’ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ ധർ. ചിത്രത്തിലെ രൺവീറിന്റെയും മറ്റു അഭിനേതാക്കളുടെയും പ്രകടനങ്ങൾ കയ്യടി നേടുന്നുണ്ട്. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയുടെ അടുത്ത ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.




