Chithrabhoomi

ഇത് ഫൺ ഫാന്റസി പടം; ‘കോസ്മിക് സാംസൺ’ എന്ന സിനിമയെക്കുറിച്ച് സന്ദീപ് പ്രദീപ്

സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് കോസ്മിക് സാംസൺ. ജോൺ ലൂതർ എന്ന സിനിമയ്ക്ക് ശേഷം അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബർ പതിനാലിന് ആരംഭിക്കും. ഒരു ഫൺ ഫാന്റസി സിനിമയാണ് കോസ്മിക് സാംസൺ എന്ന് മനസുതുറക്കുകയാണ് സന്ദീപ്.

‘സൂപ്പർഹീറോ അല്ല ഇതൊരു ഫാന്റസി സിനിമയാണ്. ചിൽ ചെയ്തു കാണാൻ കഴിയുന്ന ഒരു ഫൺ ഫാന്റസി സിനിമയാണത്. കഥാപാത്രമായി എക്കോയെപ്പോലെ ചിന്തിക്കേണ്ട കാര്യമൊന്നും ഈ സിനിമയിൽ ഉണ്ടാകില്ല’, സന്ദീപിന്റെ വാക്കുകൾ. ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് സിനിമയെക്കുറിച്ച് മനസുതുറന്നത്‌. മിന്നൽ മുരളി ,ആർ ഡി എക്സ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ബാംഗ്ളൂർ ഡെയ്സ് തുടങ്ങി ഒട്ടനവധി വമ്പൻ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് നിർമ്മിക്കുന്ന പത്താം ചിത്രം കൂടിയാണിത്.

2026 പകുതിയോടെ ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് പ്ലാൻ ചെയ്യുന്നത്. മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സൂപ്പർ ഹിറ്റായ പടക്കളം, എക്കോ, എന്നീ ചിത്രങ്ങൾക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘കോസ്മിക് സാംസൺ’. മിന്നൽ മുരളിക്ക് ശേഷം, ഈ ചിത്രത്തിലൂടെ ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം റിലീസിനെത്തും.

അതേസമയം, സന്ദീപിന്റെ ഒടുവിൽ റിലീസായ എക്കോ തിയേറ്ററുകളിൽ ഒൻപതു ദിവസം പിന്നിടുമ്പോൾ വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ ഇരുപത്തിയഞ്ചു കോടിയും കടന്നു മുന്നേറുകയാണ്. ഓവർസീസ് മാർക്കറ്റിൽ നിന്ന് ഏഴ് കോടിക്ക് മുകളിലാണ് സിനിമ ഇതുവരെ നേടിയത്. മറ്റു വിദേശ രാജ്യങ്ങളിലും പ്രേക്ഷകരുടെ അഭ്യർത്ഥന പ്രകാരം കൂടുതൽ സ്‌ക്രീനുകളിലേക്ക് എക്കോ എത്തുകയാണ്. ആരാധ്യ സ്റ്റുഡിയോസിന്റെ ബാനറിൽ എം ആർ കെ ജയറാം നിർമ്മിക്കുന്ന എക്കോയിൽ സന്ദീപ് പ്രദീപ്, സൗരബ് സച്ചിദേവ് ,വിനീത്, നരേൻ,അശോകൻ, ബിനു പപ്പു, സഹീർ മുഹമ്മദ്, ബിയാന മോമിൻ, സീ ഫൈ, രഞ്ജിത് ശങ്കർ, ശ്രീലക്ഷ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button