Tamil Cinema

സൂര്യയുടെ നായികയായി നസ്രിയ; തമിഴ് അരങ്ങേറ്റത്തിന് ജിത്തു മാധവിനൊപ്പം നസ്‍ലെനും

ആവേശം എന്ന സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ തമിഴ് സൂപ്പർതാരം സൂര്യയുമായി ഒന്നിക്കുന്നുവെന്ന് റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ഒരു പക്ക മാസ് പടമായി ഒരുങ്ങുന്ന സിനിമയിൽ സൂര്യ പൊലീസ് വേഷത്തിലാണ് എത്തുന്നതെന്നും സൂചനകളുണ്ട്. ഇപ്പോഴിതാ സിനിമയുടെ പൂജാ ചടങ്ങുകൾ നടന്നിരിക്കുകയാണ്. വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ നിർമാണം സൂര്യ തന്നെയാണ്. നടന്റെ പുതിയ ബാനറായ ഴകരം ആണ് സിനിമ നിർമിക്കുന്നത്. ജിത്തു മാധവിനൊപ്പം നസ്‍ലെനും സുഷിന് ശ്യാമും സിനിമയിൽ ഉണ്ട്. മൂന്ന് പേരുടെയും ആദ്യ തമിഴ് ചിത്രമാണ് ഇത്.

സൂര്യയ്ക്ക് നായികയായി നസ്രിയയാണ് സിനിമയിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. പൂജയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. സൂര്യയുടെ ഒരു കിടിലൻ റോൾ തന്നെ പ്രതീക്ഷിക്കാം എന്ന സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിൽ ഫഹദ് ഫാസിൽ അതിഥി വേഷത്തിൽ എത്തുമെന്നാണ് നേരത്തെ ഉണ്ടായിരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ പ്രീ പ്രൊഡക്ഷൻ ആരംഭിച്ചിട്ടുണ്ട്. ഡിസംബറിൽ എറണാകുളത്ത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് വിവരം. ആവേശത്തിന് ശേഷം ജീത്തു ഒരുക്കുന്ന സിനിമ ആയതിനാൽ തന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്നത്.

ഇപ്പോൾ തെലുഗ് സംവിധായകനായ വെങ്കി അറ്റ്ലൂരിയുടെ ചിത്രത്തിലാണ് സൂര്യ അഭിനയിക്കുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി ഒരുക്കുന്ന ചിത്രമാണത്. നാടൻ ലുക്കിൽ നിന്നുമാറി പക്കാ സ്റ്റൈലിഷ് ആയിട്ടാണ് സൂര്യ ഈ സിനിമയിൽ എത്തുന്നതെന്ന് സൂചനയാണ് പോസ്റ്റർ നൽകുന്നത്. ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മമിത ബൈജു ആണ് സിനിമയിൽ സൂര്യയുടെ നായികയായി എത്തുന്നത്. അതേസമയം, ഇനി പുറത്തിറങ്ങാനുള്ള സൂര്യ ചിത്രമായ കറുപ്പിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു. മാസ് രംഗങ്ങൾ ഉൾക്കൊള്ളിച്ച് ഫൈറ്റ് സീനുകളും പഞ്ച് ഡയലോഗുകളോടും കൂടി എത്തിയ ടീസർ നിമിഷനേരം കൊണ്ട് തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ടീസറിലെ സൂര്യയുടെ ഗെറ്റപ്പിനെയും ബാക് ഗ്രൗണ്ട് സ്ക്രോറിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. വൈറല്‍ ഹിറ്റുകള്‍ക്ക് പിന്നിലെ യുവ സംഗീത സെന്‍സേഷനായ സായ് അഭ്യാങ്കറാണ് കറുപ്പിനായി സംഗീതം ഒരുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button