ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരാണാസി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നു. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ വെച്ച് നടന്ന ചടങ്ങില്‍ നിന്നുള്ള വിവിധ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇപ്പോഴിതാ ചിത്രം ഐമാക്‌സിൽ ഉൾപ്പെടെ ഫുൾ സ്‌ക്രീൻ ഫോർമാറ്റിൽ ആകും പുറത്തിറങ്ങുക എന്നറിയിച്ചിരിക്കുകയാണ് രാജമൗലി.’പ്രീമിയം ലാർജ് സ്കെയിൽ ഫോർമാറ്റ് ഐമാക്സ് എന്ന ഫോർമാറ്റ് ഞങ്ങൾ ഈ സിനിമയിലൂടെ തെലുങ്ക് സിനിമയിലേക്ക് കൊണ്ടുവരികയാണ്. നമ്മൾ പല സിനിമകളും സിനിമാസ്കോപ്പ് ഫോർമാറ്റിൽ ആണ് നിർമിക്കുന്നത്.
ഇപ്പോൾ നമ്മൾ ഐമാക്സിൽ കാണുന്ന പല സിനിമകളും ഐമാക്‌സിലേക്ക് കൺവേർട്ട് ചെയ്യുന്നതാണ്. എന്നാൽ അത് യഥാർത്ഥ ഐമാക്സ് അല്ല. ആർ ആർ ആർ, ബാഹുബലി പോലെയുള്ള സിനിമകൾ ഐമാക്‌സിൽ പ്രൊഡ്യൂസ് ചെയ്ത സിനിമകൾ ആണ്. പക്ഷെ വാരാണസി നിങ്ങൾ ഫുൾ സ്ക്രീൻ ഐമാക്‌സിൽ ആകും കാണാൻ പോകുന്നത്’, രാജമൗലിയുടെ വാക്കുകൾ. അതേസമയം, വാരാണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.




