2024, 2025 എന്നെ വർഷങ്ങളിൽ ഇന്ത്യൻ സിനിമ വ്യവസായത്തിന് മുന്നിൽ വാണിജ്യമൂല്യം കൊണ്ടും കലാമൂല്യം കൊണ്ടും മികച്ച സൃഷ്ടികൾ നൽകി തല ഉയർത്തി നിന്ന മലയാള സിനിമ അടുത്ത വർഷം സമ്മറിൽ അതിലും വലിയൊരു അങ്കത്തിന് പുറപ്പെടാനൊരുങ്ങുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ആസിഫ് അലി തുടങ്ങിയ താരങ്ങളുടെ കരിയറിലെ തന്നെ ആരാധകർ ഉറ്റുനോക്കുന്ന ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. 17 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിക്കുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിലൂടെ ഇരു കൂട്ടരുടെയും ആരാധകർ തിയറ്ററുകൾ പൂരപ്പറമ്പാക്കുമെന്നു ഉറപ്പ്. ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തു എങ്കിലും ചിത്രീകരണം ഇനിയും ബാക്കിയാണ്. മമ്മൂട്ടിയുടെ ശാരീരിക പ്രശ്നങ്ങൾ കാരണം നിർത്തിവെച്ച ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്.
മലയാള സിനിമയെ ദേശീയ തലത്തിലും അന്താരാഷ്ട്ര തലത്തിലും തലയുയർത്തി നിർത്താൻ കാരണമായി മാറിയ മോഹൻലാലിൻറെ ദൃശ്യം പരമ്പരയിലെ മൂന്നാം ചിത്രവും സമ്മറിലാണ് റിലീസ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക് പതിപ്പുകൾ ഒപ്പം റിലീസിനെത്തുമോ ഇല്ലയോ എന്നത് കണ്ടു തന്നെ അറിയണം. കെട്ട്യോൾ ആണ് എന്റെ മാലാഖ, റോഷാക്ക് എന്നെ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം അയാം നോബഡിയാണ് ആരാധകർ ഉറ്റു നോക്കുന്ന മറ്റൊരു വമ്പൻ. പ്രമേയ സ്വീകരണത്തിലും മേക്കിങ്ങിലും ഞെട്ടിപ്പിക്കുന്ന സംവിധായകൻ പൃഥ്വിരാജിലൂടെ കാത്തു വെച്ചിരിക്കുന്നത് എന്താവും?
കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിന്റെ പരാജയത്തിനും ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിന്റെ വമ്പൻ വിജയത്തിനും ശേഷം ദുൽഖറിന്റെ മലയാളത്തിലേക്കുള്ള മടങ്ങി വരവായ അയാം ഗെയിം എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ചിത്രം സംവിധാനം ചെയ്യുന്നത് RDX എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നഹാസ് ഹിദായത്താണ്. ഏറെ കാലത്തിനു മുൻപ് പ്രഖ്യാപിക്കപ്പെട്ട ടോവിനോ തോമസിന്റെ പള്ളി ചട്ടമ്പി താരത്തിന്റെ കരിയറിലെ ശ്രദ്ധേയമായൊരു ചിത്രമാകുമെന്നാണ് സോഷ്യൽ മീഡിയയിലെ ചർച്ച. പീരിയഡ് സെറ്റിങ്ങിൽ തൊടുപുഴയിൽ ചിത്രീകരിക്കുന്ന ആക്ഷൻ ത്രില്ലറിൽ കയഡു ലോഹറാണ് നായികയാകുന്നത്. ആസിഫ് അലിയുടെ പാൻ ഇന്ത്യൻ ആക്ഷൻ മറ്റിരിയൽ ടിക്കി ടാക്കയുടെ ചിത്രീകരണം പകുതിയിലധികം പിന്നിട്ടു എന്നാണ് ചിത്രത്തിന്റെ ഭാഗമായ ചില താരങ്ങൾ അറിയിക്കുന്നത്. ആസിഫ് അലിക്കൊപ്പം നസ്ലനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.




