നടൻ വിജയ് ദേവരകൊണ്ടയുടെയും നടി രശ്മിക മന്ദാനയുടെയും വിവാഹനിശ്ചയം കഴിഞ്ഞതായി റിപ്പോർട്ട്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വിവാഹ നിശ്ചയം നടത്തിയതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിവാഹം 2026 ഫെബ്രുവരിയിൽ ആയിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇരുവരും പ്രണയത്തിലാണെങ്കിലും ഇക്കാര്യം ഔദ്യോഗികമായി പങ്കുവച്ചിട്ടില്ല.
ഒന്നിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ പോലും സ്വകാര്യത നിലനിര്‍ത്തുകയാണ് പതിവ്. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. രശ്മിക അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച സാരിയിലുള്ള ചിത്രം വൈറലായിരുന്നു. ഈ വേഷം വിവാഹ നിശ്ചയത്തിനണിഞ്ഞതാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ദസറ ആശംസകള്‍ക്കൊപ്പമായിരുന്നു ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം ചിത്രം പങ്കുവച്ചത്.