ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ്റെ ജൂനിയറായി ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹൻസ്രാജ് കോളേജിലാണ് സംവിധായകൻ അനുരാഗ് കശ്യപ് പഠിച്ചത്. 1992-ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം ദീവാന കാണാൻ കോളേജിലെ വിദ്യാർത്ഥികൾ ഒരു തിയേറ്റർ മുഴുവൻ ബുക്ക് ചെയ്തിരുന്നുവെന്ന് പറയുകയാണ് അനുരാഗ്. ഷാരൂഖിന്റെ സിനിമയിലെ എൻട്രി സീനിൽ ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾ വളരെ ഉച്ചത്തിലായിരുന്നുവെന്നും സംഗീതം പോലും കേൾക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. ബുക്ക്മൈഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അനുരാഗ് കശ്യപിന്റെ പ്രതികരണം.
‘ഞങ്ങൾ അംബ തിയേറ്റർ മുഴുവനായി ബുക്ക് ചെയ്യുകയും എല്ലാവരും ഒരുമിച്ച് സിനിമ കാണാൻ പോകുകയും ചെയ്തു. ചിത്രത്തിലെ ഷാരൂഖിന്റെ എൻട്രി ‘കോയി ന കോയി ചാഹിയേ’ എന്ന ഗാനത്തോടെയായിരുന്നു, തിയേറ്ററിലെ ആൾക്കൂട്ടം ആവേശത്തിലായിരുന്നു. ആർക്കും പാട്ട് പോലും കേൾക്കാൻ കഴിഞ്ഞില്ല. ഞങ്ങളുടെ സീനിയർ ആദ്യമായി ഒരു വലിയ സിനിമയിൽ അഭിനയിക്കുന്നത് കണ്ട് ഞങ്ങൾ അഭിമാനം കൊണ്ടു,’ അനുരാഗ് കശ്യപ് പറഞ്ഞു.
കോളേജ് കാലത്ത് ഷാരൂഖ് ഖാൻ ഹോക്കി ക്യാപ്റ്റനും ബാസ്കറ്റ്ബോൾ ക്യാപ്റ്റനുമായിരുന്നുവെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ‘അദ്ദേഹം മികച്ച കായികതാരമായിരുന്നു. സാമ്പത്തികശാസ്ത്രത്തിൽ ടോപ്പറുമായിരുന്നു. വെറുതെ ഒരു സൂപ്പർസ്റ്റാർ ആയതല്ല’, അനുരാഗ് പറഞ്ഞു. രാഷ്ട്രീയ പ്രസ്താവനകൾ പരസ്യമായി നടത്തുന്നത് ഒഴിവാക്കാൻ ഷാരൂഖ് മുൻകാലങ്ങളിൽ പലപ്പോഴും തന്നെ ഉപദേശിക്കാറുണ്ടായിരുന്നുവെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേർത്തു.