ഓണം റിലീസായെത്തിയ ലോക ചാപ്റ്റർ 1 : ചന്ദ്ര, ഹൃദയപൂർവ്വം എന്നീ ചിത്രങ്ങൾ നിറഞ്ഞ സദസ്സിൽ ആവേശം നിറയ്ക്കുമ്പോൾ തന്നെ കേരളത്തിലെ തിയറ്ററുകളിലേക്ക് തിരുവോണത്തിന് തന്നെ വീണ്ടും അതിഥികൾ എത്തുന്നു. തിരുവോണത്തിന് എത്തുന്നവരിൽ പ്രധാനികൾ അയാൾ സംസ്ഥാനങ്ങളിൽ നിന്നും ഹോളിവുഡിൽ നിന്നുമൊക്കെയാണെന്നതാണ് പ്രത്യേകത. ഹിറ്റ്മേക്കർ എ.ആർ മുരുഗദോസ്സും, ശിവകാർത്തികേയനും ആദ്യമായി ഒന്നിക്കുന്ന ആക്ഷൻ തില്ലർ ‘മദറാസി’യാണ് കൂട്ടത്തിൽ പ്രധാനി. അനിരുദ്ധ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും ബിജു മേനോനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തുപ്പാക്കി എന്ന ചിത്രത്തിൽ ദളപതി വിജയ്‌യുടെ വില്ലനായ വിധ്യുത് ജാംവാൽ ആണ് മദറാസിയിലും വില്ലനാകുന്നത്. ഏറെ പ്രതീക്ഷകളോടെ റിലീസിനെത്തിയ ചിത്രങ്ങൾക്കൊന്നും കാര്യമായ വിജയം ഉണ്ടാക്കാൻ സാധിക്കാത്തതിനാൽ മദറാസിയെ തമിഴ് പ്രേക്ഷകർ ഉറ്റുനോക്കുന്നുണ്ട്.
ഹോളിവുഡിലെ ഏറ്റവും ജനപ്രീതി സമ്പാദിച്ച ഹൊറർ സിനിമാറ്റിക്ക് സീരീസായ കഞ്ചുറിങ്ങിൻറെ നാലാമത്തെയും അവസാനത്തെയും ചിത്രമായ ‘ദി കഞ്ചുറിങ് : ലാസ്റ്റ് റൈറ്റ്സ്’ ആണ് രണ്ടാമത്തെ ചിത്രം. മൈക്കൽ ഷെവ്‌സ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അതെ യൂണിവേഴ്‌സിൽ ഉൾപ്പെടുന്ന ചിത്രങ്ങളാണ് ദി നൺ, അന്നബെല്ല തുടങ്ങിയവ. ബുക്ക് മൈ ഷോയിൽ മദറാസിയെയും ബോളിവുഡ് റിലീസുകളെയും കടത്തി വെട്ടി കഞ്ചുറിങ് ലാസ്‌റ് റൈറ്റ്സ് മുന്നേറിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു.
ടൈഗർ ഷെറഫിന്റെ ആക്ഷൻ ഫ്രാൻജെയ്‌സിലെ നാലാം ഭാഗം ബാഗി 4 ആണ് ബോളിവുഡിൽ നിന്നും എത്തുന്ന മറ്റൊരു അതിഥി. എ. ഹർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് ദത്തും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വയലന്സിന്റെ ആധിക്യമുള്ള ചിത്രത്തിന് A സർട്ടിഫിക്കേറ്റാണ് സെൻസർ ബോർഡ് നൽകിയത്.