ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ തരത്തിൽ ആരാധകരെ സ്വന്തമാക്കിയ സംഗീത സംവിധായകനാണ് സുഷിൻ ശ്യാം. അടുത്തിടെ സംഗീത മേഖലയിൽ നിർമിത ബുദ്ധി സൃഷ്ടിച്ച വെല്ലുവിളിയെക്കുറിച്ച് സുഷിൻ പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. എ ഐ വ്യാപനത്തോടെ പാട്ടിന്റെ പകർപ്പവകാശം വൻ തുകയ്ക്ക് വാങ്ങുന്ന മ്യൂസിക് ലേബലുകൾ, ഇവ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുമെന്ന നിബന്ധന കൂടെ ഉൾപ്പെടുത്തുമെന്ന് സുഷിൻ പറഞ്ഞു. ഇത് വേദനാജനകമാണെന്നും ഇത്തരം ഉപാധികളുള്ളവരുമായി കരാറില്‍ ഏര്‍പ്പെടാറില്ലെന്നും സുഷിൻ കൂട്ടിച്ചേർത്തു. ഫ്രണ്ട് ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
‘പുതിയ റെക്കോഡ് ലേബലുകള്‍ പാട്ടിന്റെ അവകാശം വാങ്ങുമ്പോള്‍ പാട്ട് എഐയെ ട്രെയിന്‍ ചെയ്യിക്കാന്‍ ഉപയോഗിക്കുമെന്ന നിബന്ധന വെക്കും. അത്തരം ഉപാധികള്‍ കാണുമ്പോള്‍ മ്യുസീഷ്യന്‍ എന്ന നിലയിലും മനുഷ്യന്‍ എന്ന നിലയിലും വേദന തോന്നും. നിബന്ധനകൾ അംഗീകരിക്കാന്‍ തയ്യാറല്ലെങ്കില്‍ പാട്ടിന്റെ അവകാശം വേണ്ടെന്ന് അവര്‍ പറയും. ഞാന്‍ അത്തരം ഉപാധികളുള്ളവരുമായി കരാറില്‍ ഏര്‍പ്പെടാറില്ല. എന്നാല്‍, അത്തരം തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാത്ത മ്യുസീഷ്യന്മാരുണ്ട്’, സുഷിൻ പറഞ്ഞു.
സംവിധായകൻ ചിദംബരം ഒരുക്കുന്ന ബാലൻ- ദ് ബോയ് എന്ന സിനിമയാണ് സുഷിന്റെ ഏറ്റവും പുതിയ സിനിമ. ജിത്തു മാധവൻ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. മലയാളത്തിലെ മികച്ച സംഗീത സംവിധായകന്മാരുടെ നിരയിൽ ഇപ്പോൾ സുഷിന്റെ സ്ഥാനം ഒരുപാട് മുകളിലാണ്. കഴിഞ്ഞ കുറച്ച് നാളുകൾ കൊണ്ട് തന്നെ ഒരുപാട് നല്ല ഗാനങ്ങൾ നൽകാൻ സുഷിന് സാധിച്ചു. അടുത്തതായി ഒരുപാട് ചിത്രങ്ങൾ സുഷിന്റേതായി പുറത്തിറങ്ങാൻ ഉണ്ട്.