മലയാളത്തിലേത് പോലെ ബോളിവുഡിലും നിരവധി ആരാധകരുള്ള സംവിധായകനാണ് പ്രിയദർശൻ. നിരവധി കോമഡി സിനിമകളിലൂടെ ബോളിവുഡ് പ്രേക്ഷകരെ കയ്യിലെടുത്ത അദ്ദേഹത്തിന്റെ ഓരോ സിനിമയ്ക്കായും ഹിന്ദി പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ പ്രിയദർശൻ ചിത്രത്തിന് കൊച്ചിയിൽ തുടക്കമായിരിക്കുകയാണ്. ഹൈവാൻ എന്ന് പേരിട്ടിരിക്കുന്ന സിനിമയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും ആണ്. മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ ഒപ്പം എന്ന സിനിമയുടെ ഹിന്ദി റീമേക്ക് ആണ് ഈ ചിത്രം. മോഹൻലാൽ അവതരിപ്പിച്ച അന്ധനായ നായകനായി ഹിന്ദി പതിപ്പിൽ എത്തുന്നത് സെയ്ഫ് അലി ഖാൻ ആണ്.
സമുദ്രക്കനി അവതരിപ്പിച്ച വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാർ ആണ്. ഒരിടവേളയ്ക്ക് ശേഷം അക്ഷയ് കുമാർ അവതരിപ്പിക്കുന്ന വില്ലൻ വേഷമാണിത്. 17 വര്ഷങ്ങള്ക്കു ശേഷം അക്ഷയ് കുമാറും സെയ്ഫ് അലിഖാനും ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ആണിതെന്ന പ്രത്യേകത കൂടി ഹൈവാനുണ്ട്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട ക്യാപ്റ്റനായ പ്രിയദർശൻ സാറിനൊപ്പം ഹൈവാന്റെ ഷൂട്ട് ഇന്ന് തുടങ്ങുന്നു. ഏകദേശം 18 വർഷങ്ങൾക്ക് ശേഷം സെയ്ഫിനൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷം’, അക്ഷയ് കുമാർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
കൊച്ചിയിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്.
ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷൻസ്. മലയാളത്തിലെ കഥയുടെ അതേ പകർപ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടായേക്കും എന്നാണ് റിപ്പോർട്ട്. നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമൻ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേർ, ശ്രിയ പിൽഗോൻക എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദിവാകർ മണിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷൻ ഡിസൈൻ സാബു സിറിൽ. കെവിഎൻ പ്രൊഡക്ഷന്സ് ആണ് നിർമാണം. സിനിമയുടെ ചിത്രീകരണം മുപ്പത്തിയഞ്ച് ദിവസം കൊണ്ട് പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. 2008ൽ റിലീസ് ചെയ്ത ‘തഷാനി’ലാണ് അവസാനമായി അക്ഷയും സെയ്ഫും ഒന്നിച്ചത്.