സംവിധായകൻ ലോകേഷ് കനകരാജ് അവതരിപ്പിച്ച സിനിമാറ്റിക് യൂണിവേഴ്‌സ് ആണ് എൽസിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സ്. 2019 ൽ പുറത്തിറങ്ങിയ കൈതി എന്ന സിനിമയിലൂടെയാണ് ഈ യൂണിവേഴ്‌സ് ആരംഭിക്കുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ ലിയോ ആണ് ഈ യൂണിവേഴ്സിൽ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് ലോകേഷ് കനകരാജ്. തന്റെ സിനിമകളിൽ ഏറ്റവും റീവാച്ച് ക്വാളിറ്റി ഉണ്ടെന്ന് കരുതുന്ന സിനിമകളിൽ ഒന്നാണ് ലിയോ എന്ന് ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞു
‘എന്റെ സിനിമകളിൽ ഏറ്റവും റീവാച്ച് ക്വാളിറ്റി ഉണ്ടെന്ന് ഞാൻ കരുതുന്ന സിനിമ ലിയോ ആണ്. ആ സിനിമയുമായി ബന്ധപ്പെട്ടാണ് എനിക്ക് ഒരുപാട് കോളുകളും മെസേജുകളും വന്നിട്ടുള്ളത്. ഒരുപാട് ‘കുട്ടി’ ഫാൻസുള്ള സിനിമയാണ് ലിയോ. ആ സിനിമയിലെ ചെറിയ ചെറിയ കാര്യങ്ങൾ പോലും അവർ സംസാരിക്കാറുണ്ട്’, ലോകേഷിന്റെ വാക്കുകൾ.സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിൽ പാർത്ഥിപൻ, ലിയോ ദാസ് എന്നീ കഥാപാത്രങ്ങളായാണ് വിജയ് എത്തുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, മാത്യു തോമസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.