വിജയ് ദേവരകൊണ്ടയെ നായകനാക്കി ഗൗതം തന്നൂരി സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് കിങ്ഡം. വലിയ പ്രതീക്ഷകളോടെ എത്തുന്ന സിനിമയുടെ ട്രെയ്‌ലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലറിലെ രണ്ടു ഷോട്ടിൽ മാത്രം വന്നുപോയ വില്ലനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകാനുന്നത്. മലയാളിയായ വെങ്കിടേഷ് ആണ് ചിത്രത്തിൽ ഒരു പ്രധാനപ്പെട്ട റോളിൽ എത്തുന്നത്. പ്രധാന വില്ലൻ കഥാപാത്രമാണ് താൻ ചെയ്യുന്നതെന്നും വെറുതെ ഇടി കൊള്ളാൻ മാത്രമുള്ള വില്ലനെ അല്ലെന്നും റിപ്പോർട്ടർ ടി വി യോട് വെങ്കിടേഷ് പറഞ്ഞു.
‘ഞാൻ സിനിമയിൽ മെയിൻ വില്ലൻ തന്നെയാണ്. ഒരു കിടിലൻ പരിപാടി തന്നെയായിരിക്കും ഈ സിനിമയിൽ. സംവിധായകൻ ഗൗതമിന്റെ പ്രത്യേകത ഇമോഷൻസ് കൈകാര്യം ചെയ്യുന്ന രീതിയാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ എല്ലാം ഭയങ്കര ഇമോഷൻസ് ഉണ്ടായിരിക്കും. വില്ലൻ ആണെങ്കിലും എല്ലാ ഇമോഷൻസും ഉള്ള ഒരു നെഗറ്റീവ് കഥാപാത്രമാണ്, ടിപ്പിക്കൽ വില്ലനല്ല. വെറുതെ ഇടി കൊള്ളാൻ മാത്രമല്ല ഞാൻ സിനിമയിൽ,’ വെങ്കിടേഷ് പറഞ്ഞു.
ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. ചിത്രം ജൂലൈ 31 ന് സിനിമ ആഗോളതലത്തിൽ റിലീസ് ചെയുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കിൽ പക്കാ മാസ് റോളിലാണ് വിജയ് ദേവരക്കൊണ്ട സിനിമയിൽ എത്തുന്നത്. വമ്പൻ കാൻവാസിൽ ഒരു ആക്ഷൻ ചിത്രമായിട്ടാണ് കിങ്ഡം ഒരുങ്ങുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.