പോർ തൊഴിൽ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷം വിഘ്‌നേശ് രാജ ഒരുക്കുന്ന അടുത്ത സിനിമയിൽ ധനുഷ് നായകനായി എത്തുന്നു എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ധനുഷിന്റെ 54-ാമത്തെ സിനിമയാണിത്. ഇപ്പോഴിതാ ചിത്രത്തിൽ മലയാളത്തിൽ നിന്നും വമ്പൻ താരനിര തന്നെയുണ്ടാകും എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ചിത്രത്തിൽ മമിത ബൈജു ആണ് നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ട്. അതേസമയം, ജയറാമും സുരാജ് വെഞ്ഞാറമൂടും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുമെന്നും തമിഴ് ട്രാക്കർമാർ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ചിത്രത്തിന്റെ പൂജ വ്യാഴാഴ്ച നടക്കും. വെൽസ് ഇന്റർനാഷണൽ ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്. സിനിമയ്ക്കായി ജി വി പ്രകാശ് കുമാർ സംഗീതം കൈകാര്യം ചെയ്യും. ചിത്രത്തിന്റെ ഴോണറിനെക്കുറിച്ചുള്ള വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല. അസുരൻ, പൊല്ലാതവൻ, വാത്തി എന്നീ സിനിമകൾക്ക് ശേഷം ജി വി പ്രകാശ് കുമാറും ധനുഷ് ഒന്നിക്കുന്ന സിനിമയാണിത്. കുബേരയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്ന ധനുഷ് ചിത്രം. ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 16 ദിവസം കൊണ്ട് 132 കോടിയാണ് നേടിയിരിക്കുന്നത് എന്നാണ് ഒഫിഷ്യല്‍ റിപ്പോര്‍ട്ട്.
ചിത്രത്തിന് തെലുങ്കിലും ഓവർസീസ് മാർക്കറ്റിലും മികച്ച നേട്ടം ഉണ്ടാക്കാനായപ്പോൾ തമിഴിൽ കളക്ഷനിൽ പിന്നോട്ടുപോയി. കേരളത്തിലും ചിത്രത്തിന് ചലനമുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഓപ്പണിങ് ആണ് ചിത്രം ആദ്യ ദിനം സ്വന്തമാക്കിയത്. സുനിൽ നാരംഗ്, പുസ്‌കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച കുബേര അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്.