ധനുഷിനെ നായകനാക്കി ശേഖർ കമ്മൂല സംവിധാനം ചെയ്ത കുബേര മികച്ച പ്രതികരണങ്ങളോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ്. ഗംഭീര പ്രകടനമാണ് സിനിമയിൽ ധനുഷ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് അഭിപ്രായങ്ങൾ. ബോക്സ് ഓഫീസിലും മികച്ച വരവേൽപ്പാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ആദ്യ ദിനം 30 കോടിയാണ് സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ. തെലുങ്കിലും തമിഴിലും ഇറങ്ങിയ സിനിമയുടെ തെലുങ്ക് പതിപ്പിൽ നിന്നാണ് കൂടുതൽ കളക്ഷൻ ലഭിച്ചിരിക്കുന്നത്. പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി കൊണ്ട് തന്നെ വാരാന്ത്യത്തില്‍ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച സംഖ്യ നേടുമെന്ന് ഉറപ്പാണ്.
ഈ വർഷം ഇറങ്ങുന്ന ധനുഷിന്റെ രണ്ടാമത്തെ ചിത്രമാണ് കുബേര. ആദ്യ ചിത്രമായ ‘നിലാവ്ക്ക് എൻ മേൽ എന്നടി കോപം’ തിയേറ്ററിൽ സമ്മിശ്ര പ്രതികരണമായിരുന്നു നേടിയിരുന്നത്. ബോക്സ് ഓഫീസ് കളക്ഷനിലും സിനിമ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. ധനുഷിന്റെ സംവിധാനം ഈ വർഷം ഏറ്റില്ലെങ്കിലും നായകനായി നടൻ തകർത്തുവെന്നാണ് പ്രേക്ഷകരുടെ പ്രതികരണം. പാ പാണ്ടി, രായൻ, എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘നിലാവ്ക്ക് എൻ മേൽ എന്നടി കോപം’. ‘ഇഡലികടൈ’ എന്ന ചിത്രവും ധനുഷ് സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമ അടുത്ത വർഷമായിരിക്കും തിയേറ്ററിൽ എത്തുക എന്നും റിപ്പോട്ടുണ്ട്.
അതേസമയം, ധനുഷിന് പുറമേ നായികയായി എത്തിയ രശ്മിക മന്ദാനയുടെയും പ്രധാന കഥാപാത്രം അവതരിപ്പിച്ച നാഗാർജുനയുടെയും പ്രകടനങ്ങളും പ്രശംസ നേടുന്നുണ്ട്. ശേഖർ കമ്മൂലയുടെ അടുത്തിറങ്ങിയതിൽ ഏറ്റവും മികച്ച ചിത്രമാണ് ഇത് എന്നും അഭിപ്രായങ്ങളുണ്ട്. സുനിൽ നാരംഗ്, പുസ്കർ റാം മോഹൻ റാവു എന്നിവർ ചേർന്ന് ശ്രീ വെങ്കടേശ്വര സിനിമാസ് എൽഎൽപി, അമിഗോസ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബാനറിൽ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് സോണാലി നാരംഗ് ആണ്. ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കാർത്തിക ശ്രീനിവാസ് ആർ ആണ്. ചിത്രത്തിൽ ബോളിവുഡ് നടൻ ജിം സർഭ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമ കേരളത്തിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ്.