NewsTelugu

പ്രഭാസിന്റെ ലുക്ക് അടിപൊളിയെന്ന് ആരാധകർ; വൈറലായി രാജാസാബിലെ സ്റ്റിൽ

‘കൽക്കി 2898 എ ഡി’ എന്ന സിനിമയുടെ വിജയത്തിന് ശേഷം തെലുങ്ക് നടൻ പ്രഭാസിൻറേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറർ-കോമഡി ജോണറിൽ കഥ പറയുന്ന സിനിമ ഡിസംബർ അഞ്ചിന് ആഗോളതലത്തിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസർ ജൂൺ 16 ന് അണിയറപ്രവർത്തകർ പുറത്തുവിടും. ഇപ്പോഴിതാ ടീസർ ലോഞ്ചിന് മുന്നോടിയായി സിനിമയുടെ ടീം പുറത്തുവിട്ട ചിത്രമാണ് ആരാധകർ ഏറ്റെടുത്തിയിക്കുന്നത്. നടൻ പ്രഭാസും സംഗീത സംവിധായകൻ തമനും രാജാസാബിന്റെ സംവിധായകനുമായ മാരുതിയും ഒരുമിച്ച് ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

‘ഇപ്പോൾ എല്ലാവരും പുഞ്ചിരിക്കുന്നു, പക്ഷേ ഇനി വരാനിരിക്കുന്നത് നിങ്ങളെ ഭയപ്പടുത്തും’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. ജൂൺ 16 ന് രാവിലെ 10:52 നാണ് ടീസർ പുറത്തുവരുന്നത്. ചിത്രം പുറത്തുവന്നതിന് പിന്നാലെ പ്രഭാസിന്റെ ലുക്കിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബാഹുബലിക്ക് ശേഷം ഇത്രയും ലുക്കിൽ പ്രഭാസിനെ കാണുന്നത് ഇത് ആദ്യമായിട്ടാണ് എന്ന കമന്റുകളാണ് ആരാധകർ പങ്കുവെക്കുന്നത്. ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്സ്യൽ എന്നീ സിനിമകൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിർവഹിച്ചിരിക്കുന്നത്.

താൻ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ പ്രോജക്ടുകളിൽ ഒന്നാണ് രാജാ സാബ് എന്ന് സംവിധായകൻ മാരുതി ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ചിത്രത്തിൽ പ്രഭാസ് ഡബിൾ റോളിലാണ് എത്തുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാളവിക മോഹനനാണ് ചിത്രത്തിൽ നായികയായെത്തുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ത്യൻ സിനിമയിലെ തന്നെ വ്യത്യസ്തമായൊരു ഒരു ദൃശ്യവിസ്മയമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നതെന്നാണ് അറിയാനാകുന്നത്. നിധി അഗർവാള്‍, റിഥി കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. ഒരു റിബൽ മാസ് ഫെസ്റ്റിവൽ തന്നെയാകും ചിത്രമെന്നാണ് അണിയറപ്രവർത്തകരുടെ സാക്ഷ്യം. ഇന്ത്യൻ സിനിമയുടെ ഒരു ബ്ലോക്ക്ബസ്റ്റർ സീസണായ ഡിസംബറിൽ ‘രാജാ സാബ്’ ഒരു ഗെയിം-ചേഞ്ചർ തന്നെയായിരിക്കുമെന്നാണ് ഏവരുടേയും കണക്കുകൂട്ടൽ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button