തെലുങ്ക് താരം വിഷ്ണു മഞ്ചു നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കണ്ണപ്പ’യുടെ ഹാർഡ് ഡിസ്ക് മോഷണം പോയ സംഭവം ഏറെ വാർത്തകളിൽ ഇടം നേടിയിരുന്നു. മോഷണത്തിന് പിന്നിൽ തന്റെ സഹോദരനും നടനുമായ മനോജ് മഞ്ചുവിന് പങ്കുണ്ടെന്നായിരുന്നു വിഷ്ണു കഴിഞ്ഞ ദിവസം ആരോപിച്ചത്. ഇപ്പോൾ ഈ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് മനോജ് മഞ്ചു.തന്റെ പുതിയ ചിത്രമായ ഭൈരവത്തിന്റെ വിജയാഘോഷ വേളയിൽ വിഷ്ണു മഞ്ചു ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് മനോജിനോട് ചോദ്യങ്ങൾ വന്നു. ‘അതിന് ഞാൻ ഉത്തരം പറയാൻ ആഗ്രഹിക്കുന്നില്ല.
കണ്ണപ്പയ്ക്ക് ഞാൻ ഇപ്പോഴും ആശംസിക്കുന്നു,’ എന്നാണ് മനോജ് മറുപടി നൽകിയത്. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകരോട് സംസാരിക്കവേയായിരുന്നു മോഷണത്തിന് പിന്നിൽ മനോജാണെന്ന് വിഷ്ണു മഞ്ചു ആരോപിച്ചത്. ഹാർഡ് ഡിസ്ക് മോഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന രഘുവും ചരിതയും മനോജിനുവേണ്ടി ജോലി ചെയ്യുന്നവരാണെന്ന് വിഷ്ണു അവകാശപ്പെട്ടു.
ചെന്നൈ, ഹൈദരാബാദ്, മുംബൈ, ദുബായ്, ലണ്ടൻ എന്നിവിടങ്ങളിലെ ഓഫിസുകളിലാണ് വിഎഫ്എക്സ് ജോലികൾ നടക്കുന്നതെന്നും മുംബൈയിൽ നിന്ന് വി.എഫ്.എക്സുമായി ബന്ധപ്പെട്ട ഹാർഡ് ഡിസ്ക് അയച്ചപ്പോൾ, അത് തന്റെ പിതാവ് മോഹൻ ബാബുവിന്റെ ഫിലിം നഗറിലെ വസതിയിൽ എത്തിയെന്നും അദ്ദേഹം പറഞ്ഞു. അതൊരു പതിവ് രീതിയാണെന്നും മൂന്ന് സഹോദരങ്ങളുടെയും എല്ലാ പാക്കേജുകളും അവിടെ എത്തുകയും മാനേജർമാർ അത് ശേഖരിക്കുകയുമാണ് പതിവെന്ന് വിഷ്ണു വ്യക്തമാക്കി. അതുപോലെ തന്നെ ഹാർഡ് ഡിസ്ക് പിതാവിന്റെ വസതിയിൽ എത്തി. അത് രഘുവിനും ചരിതക്കും കൈമാറി, അന്നുമുതൽ അവ കാണാനില്ല എന്ന് അദ്ദേഹം വിശദീകരിച്ചിരുന്നു.