EnglishNews

സിനിമാ പ്രേക്ഷകരെ വിറപ്പിച്ച് ഫ്രാങ്കൻസ്റ്റൈൻ ടീസർ എത്തി

ഗില്ലർമോ ഡെൽ ടോറോയുടെ സംവിധാനത്തിൽ ഓസ്കർ ഐസക്ക്, ജേക്കബ് എലോർഡി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സൈഫൈ ഹൊറർ ചിത്രം ഫ്രാങ്കൻസ്റ്റൈന്റെ ടീസർ റിലീസ് ചെയ്തു. നെറ്റ്ഫ്ലിക്സ് നിർമ്മിക്കുന്ന ചിത്രം ഇതേ പേരിലുള്ള ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവലിനെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. മേരി ഷെല്ലിയുടെ ക്ലാസിക് നോവൽ ഇതിന് മുൻപും അനവധി തവണ സിനിമയാക്കിയിട്ടുണ്ട്. അവയിലേറ്റവും പ്രശസ്തം 1931ൽ പുറത്തിറങ്ങിയ ജെയിംസ് വെയിലിന്റെ ക്ലാസ്സിക് ചിത്രമാണ്.

വിക്ടോറിയൻ കാലഘട്ടത്തിൽ വിക്റ്റർ ഫ്രാങ്കൻസ്റ്റൈൻ എന്ന യുവശാസ്ത്രജ്ഞൻ മൃതശരീരങ്ങൾ കൂട്ടിച്ചേർത്ത് പുതിയൊരു മനുഷ്യന് ജീവൻ നൽകാൻ ശ്രമിക്കുകയും, പരീക്ഷണത്തിന്റെ അന്ത്യത്തില് അതൊരു ഭീകര ജീവിയായി മാറുകയും ചെയ്ത് ഫ്രാങ്കൻസ്റ്റൈന്റെ ജീവിതത്തെ നരക തുല്യമാക്കുകയും ചെയ്യുന്നതാണ് നോവലിന്റെ പ്രമേയം. ചിത്രത്തിൽ ഫ്രാങ്കൻസ്റ്റൈനായി ഓസ്കർ ഐസക്കും, ഭീകരസ്വത്വമായി ജേക്കബ് എലോർഡിയും ആണ് അഭിനയിക്കുന്നത്. ടീസറിൽ ജേക്കബ് എലോർഡിയുടെ കഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല. നവംബറിലാണ് നെറ്റ്ഫ്ലിക്സ് ഫ്രാങ്കൻസ്റ്റൈന്റെ സ്ട്രീമിങ് ആരംഭിക്കാൻ പോകുന്നത്.

മിയ ഗോത്, ഫെലിക്സ് കമ്മെറർ, ചാൾസ് ഡാൻസ്, ക്രിസ്റ്റോഫ് വാട്ട്സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.രണ്ടര മിനുട്ടിനടുത്ത് ദൈർഘ്യമുള്ള ടീസർ റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ യൂട്യൂബിൽ ഒരു ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. നെറ്റ്ഫ്ലിക്സ് ആരാധകരുടെ കൂട്ടായ്മയും സ്ട്രീമിങ് സംസ്കാരവും ആഘോഷിച്ച് ലോസാഞ്ചലസിയിൽ വെച്ച് നടത്തിയ ‘ടുഡും’ എന്ന ഇവന്റിൽ ടീസറിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button