സ്റ്റൈൽമന്നൻ രജനികാന്തിന്റെ റിലീസിനൊരുങ്ങുന്ന ‘കൂലി’യിൽ സംവിധായകൻ ലോകേഷ് കനഗരാജ് പ്രതിഫലമായി വാങ്ങുന്നത് 50 കോടി രൂപ. ഇതോടെ തമിഴിൽ ഒരു ചിത്രത്തിന് ഏറ്റവും ഉയർന്ന പ്രതിഫലം കൈപ്പറ്റുന്ന സംവിധായകനായി മാറിയിരിക്കുകയാണ് ലോകേഷ് കനഗരാജ്. സംവിധാനം ചെയ്ത 6 ചിത്രങ്ങളും തുടർച്ചയായി സൂപ്പർഹിറ്റാക്കിയതോടെയാണ് ലോകേഷ് കനഗരാജിന്റെ വാണിജ്യ മൂല്യം ഉയർന്നത്.
350 കോടി രൂപ മുതൽമുടക്കിൽ ഒരുക്കിയിരിക്കുന്ന കൂലിയിൽ രജനികാന്തിനൊപ്പം നാഗാർജുന, സൗബിൻ ഷാഹിർ, ഉപേന്ദ്ര, സത്യരാജ്, ശ്രുതി ഹാസൻ തുടങ്ങിയവരും പ്രധാന വേഷം ചെയ്യുന്നുണ്ട്. 150 കോടി രൂപയാണ് രജനികാന്ത് കൂലിയിൽ പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നതെന്നാണ് പിങ്ക്-വില്ല റിപ്പോർട്ട് ചെയ്യുന്നത്. ആഗസ്റ്റ് 14 ന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രം ഹൃതിക്ക് റോഷനും, ജൂനിയറും ഒന്നിച്ചെത്തുന്ന വാർ 2 വും ആയാണ് ക്ലാഷ് റിലീസ്. കൂലിയിൽ അതിഥിവേഷത്തിൽ ആമിർ ഖാൻ അഭിനയിക്കുന്നതിനാൽ നോർത്തിലും മികച്ച പ്രദർശന വിജയം നേടാനാകുമെന്നാണ് പ്രതീക്ഷ.
അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരനാണ്.ചിത്രത്തിന്റേതായി ഇതുവരെ ആകെയൊരു ടൈറ്റിൽ ടീസറും സോങ് പ്രമോയും മാത്രമാണ് പുറത്തുവന്നിട്ടുള്ള അപ്പ്ഡേറ്റുകൾ. ലോകേഷ് കനഗരാജ് സിനിമാറ്റിക്ക് യൂണിവേഴ്സിലുള്ള കൈതി 2 ആണ് ലോകേഷ് അടുത്തതായി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം. അടുത്ത വര്ഷം ആദ്യത്തോടെ കൈതി 2 വിന്റെ ചിത്രീകരണമാരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.