CelebrityChithrabhoomiTrending

നെറുകയിൽ സിന്ദൂരം ചാർത്തി കാനിലെത്തി ഐശ്വര്യ റായ്; ഓപ്പറേഷൻ സിന്ദൂറിനുള്ള പിന്തുണയെന്ന് സോഷ്യൽ മീഡിയ

കാൻ ചലച്ചിത്ര മേളയിൽ ഇന്ത്യക്കാർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മുഖമാണ് ഐശ്വര്യ റായ്‌യുടേത്. 2002 മുതൽ‌ കാനിലെ മിന്നും താരമാണ് ഐശ്വര്യ. കാൻ റെഡ് കാർപ്പറ്റിൽ ഇത്തവണയും ഐശ്വര്യ തന്നെയാണ് സ്കോർ ചെയ്തിരിക്കുന്നത്. നെറുകയിൽ സിന്ദൂരമണിഞ്ഞു കൊണ്ടാണ് ഇത്തവണ ഐശ്വര്യ എത്തിയത്. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ സന്ദേശം പ്രതീകാത്മകമായി ലോകത്തിന് നല്‍കുകയാണ് താരം ചെയ്തതെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിക്കാനായി 33 രാജ്യങ്ങളിലേക്ക് ഇന്ത്യ പ്രതിനിധികളെ അയക്കാനിരിക്കെയാണ് ലോകത്തിന് നിശബ്ദ സന്ദേശവുമായി ഐശ്വര്യ കാനിലെത്തിയതെന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. ഐവറി നിറത്തിലുള്ള മനോഹരമായ സാരിയാണ് താരം ധരിച്ചിരുന്നത്. കദ്‌വ ബനാറസി ഹാന്‍ഡ്‌ലൂം സാരിയാണ് ഇത്. നെറുകയിലെ സിന്ദൂരത്തെ എടുത്ത് കാണിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള സാരിയായിരുന്നു ഐശ്വര്യയുടേത്.

പ്രമുഖ ഫാഷന്‍ ഡിസൈനറായ മനീഷ് മല്‍ഹോത്രയാണ് ഇത്തവണത്തെ ഐശ്വര്യയുടെ കാനിലെ ലുക്കിന് പിന്നിൽ. അതേസമയം ഐശ്വര്യ നെറുകയിൽ സിന്ദൂരമണിഞ്ഞ് കാനിലെത്തിയത് അഭിഷേക് ബച്ചനുമായുള്ള വിവാഹബന്ധം വേർപിരിയുകയാണ് എന്ന അഭ്യൂഹങ്ങൾക്കുള്ള പരോക്ഷ മറുപടിയാണെന്നും ചിലർ അഭിപ്രായപ്പെട്ടു. നേരത്തേ പ്രമുഖ സെലിബ്രിറ്റി വിവാഹത്തിന് അഭിഷേകും കുടുംബവും ഒരുമിച്ച് വരികയും ഐശ്വര്യയും മകള്‍ ആരാധ്യയും ഒറ്റയ്ക്ക് വരികയും ചെയ്തതോടെയാണ് വിവാഹമോചന വാര്‍ത്തകള്‍ക്ക് ശക്തി കൂടിയത്.

കാനിൽ ഐശ്വര്യ ധരിച്ചിരുന്ന ആഭരണങ്ങളും വലിയ ശ്രദ്ധ നേടി. മനീഷ് മല്‍ഹോത്ര ജ്വല്ലറിയില്‍ നിന്നുള്ള ആഭരണങ്ങളാണ് താരം അണിഞ്ഞിരുന്നത്. നെക്ക്‌ലേസില്‍ 500 കാരറ്റിലേറെയുള്ള മാണിക്യക്കല്ലുകളും അണ്‍കട്ട് ഡയമണ്ടുകളുമാണുള്ളത്. 18 കാരറ്റ് സ്വര്‍ണത്തിലാണ് ഇവ കോര്‍ത്തിണക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button