താൻ അടക്കമുള്ള താരങ്ങൾ അഭിനയിച്ചിട്ടുള്ള പല ചിത്രങ്ങളിലും സ്ത്രീകളെ വളരെ തെറ്റായ രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട് എന്ന് നടൻ അജിത് കുമാർ. നീണ്ട 10 വർഷങ്ങൾക്ക് ശേഷം താരം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ റേസിംഗ് കരിയറിനെക്കുറിച്ചും സിനിമാജീവിതത്തക്കുറിച്ചും വാചാലനായി.
“ചില ചിത്രങ്ങളിലൊക്കെ ഒരു വില്ലൻ കഥാപാത്രം നായികയോട് അപമര്യാദയായി പെരുമാറിയാൽ, അവൾ അവനെ അടിച്ചെന്ന് വരും, അല്ലെങ്കിൽ നായകൻ വന്നു രക്ഷിക്കും, എന്നാൽ അതേ പ്രവൃത്തി നായകൻ തന്നെയാണ് ചെയ്യുന്നതെങ്കിൽ അവൾ അന്ന് രാത്രി അവനുമായി ഡ്യൂയറ്റ് ഗാനം സ്വപ്നം കാണുന്നതാണ് പതിവ്” അജിത് കുമാർ പറയുന്നു.
മുൻപ് താൻ അഭിനയിച്ച സിനിമകളിൽ പോലും സ്റ്റോക്കിങ് (സ്ത്രീകളെ അനുവാദമില്ലാതെ പിന്തുടരുന്ന പ്രവൃത്തി) വളരെ സർവസാധാരണമായി ചിത്രീകരിച്ചിട്ടുള്ളതിൽ ഖേദമുണ്ടെന്നും, അതിനുള്ള കുറ്റബോധവും തിരുത്തൽ നടപടിയുമായിട്ടാണ് താൻ ‘പിങ്ക്’ എന്ന ചിത്രം റീമേക്ക് ചെയ്തതെന്നും, ഇനി അത്തരം ചിത്രങ്ങൾ അഭിനയിക്കാതിരിക്കാൻ പ്രത്യേകമായി കരുതുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
അമിതാഭ് ബച്ചൻ ചിത്രം പിങ്കിന്റെ റീമേക്കായി 2019ൽ പുറത്തിറങ്ങിയ ‘നേർക്കൊണ്ട പാർവേയ്’ എന്ന ചിത്രത്തിൽ റേപ്പിനിരയായ പെൺകുട്ടികൾക്കുവേണ്ടി വാദിക്കുന്ന അഭിഭാഷകന്റെ വേഷമാണ് അജിത് കുമാർ ചെയ്തത്. അജിത് കുമാറിന് രാജ്യം പദ്മഭൂഷൺ നൽകി ആദരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ ടുഡേയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിന്റെ ഓഡിയോ പതിപ്പ് മാത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.