തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ 2. നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണിപ്പോൾ. കേരളത്തിലാണ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ നടക്കുന്നത്. പാലക്കാട് അട്ടപ്പാടിയിലാണ് ചിത്രീകരണം. ഷൂട്ടിങ്ങിനായി രജനികാന്ത് ഉൾപ്പെടെയുള്ളവർ ഷോളയൂർ ഗോഞ്ചിയൂരിലെത്തി.
ഏകദേശം 20 ദിവസത്തോളം രജനികാന്ത് ഷൂട്ടിങ്ങിന്റെ ഭാഗമായി കേരളത്തിലുണ്ടാകും. മാർച്ചിലായിരുന്നു ചെന്നൈയിൽ ജയിലർ 2 ചിത്രീകരണം തുടങ്ങിയത്. ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വിഡിയോയ്ക്കൊപ്പം ജയിലർ 2 വിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു.
അനിരുദ്ധ് രവിചന്ദർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ സിനിമ കളക്ഷനും നേടി.