ബോളിവുഡ് താരം അക്ഷയ് കുമാറിന് കഴിഞ്ഞ കുറച്ച് കാലമായി അത്ര നല്ലകാലമല്ല. സ്കൈ ഫോഴ്സ് ആണ് അക്ഷയ് കുമാറിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. എന്നാൽ പ്രതീക്ഷിച്ച അത്രയും വിജയം ചിത്രത്തിന് നേടാൻ കഴിഞ്ഞില്ല. അതോടെ ആരാധകരുടെ ഇനിയുള്ള പ്രതീക്ഷ കേസരി ചാപ്റ്റർ 2 ആണ്. ഇതുവരെയുള്ള അക്ഷയ് കുമാർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായിരിക്കും ചിത്രമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ഇപ്പോഴിതാ ചിത്രത്തിലെ തന്റെ പുതിയ കാരക്ടർ ലുക്ക് പോസ്റ്റർ പങ്കുവച്ചിരിക്കുകയാണ് അക്ഷയ് കുമാർ.
പുതിയ പോസ്റ്ററിൽ കഥകളി വസ്ത്രം ധരിച്ച അക്ഷയ് കുമാറിനെയാണ് കാണുന്നത്. കഥകളിയിലെ പച്ച വേഷത്തിലാണ് അക്ഷയ് കുമാർ എത്തിയിരിക്കുന്നത്. രാജാക്കൻമാരെ പച്ച വേഷത്തിലാണ് കഥകളിയിൽ അവതരിപ്പിക്കുന്നത്. ‘ഇത് ഒരു വേഷമല്ല, ഇത് ഒരു പ്രതീകമാണ് – പാരമ്പര്യത്തിന്റെയും, പ്രതിരോധത്തിന്റെയും, സത്യത്തിന്റെയും, എന്റെ രാജ്യത്തിന്റെയും. സി ശങ്കരൻ നായർ ആയുധം കൊണ്ട് പോരാടിയില്ല. നിയമം കൊണ്ടും ഉള്ളിലെ തീ കൊണ്ടും അദ്ദേഹം ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടി. ഈ ഏപ്രിൽ 18 ന്, പാഠപുസ്തകങ്ങളിൽ നിങ്ങൾ ഒരിക്കലും പഠിപ്പിച്ചിട്ടില്ലാത്ത കോടതി വിചാരണയുമായി ഞങ്ങൾ നിങ്ങൾക്ക് മുന്നിലെത്തുന്നു’- എന്നാണ് അക്ഷയ് കുമാർ പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.
കരൺ സിംഗ് ത്യാഗി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനന്യ പാണ്ഡെ , ആർ മാധവൻ എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. രഘു പാലാട്ടിന്റെയും പുഷ്പ പാലാട്ടിന്റെയും ‘ദി കേസ് ദാറ്റ് ഷുക്ക് ദി എംപയർ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പറയപ്പെടാത്ത കഥയെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മുൻ പ്രസിഡന്റും അഭിഭാഷകനുമായ സി ശങ്കരൻ നായർ നയിച്ച നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധർമ പ്രൊഡക്ഷൻസ്, ലിയോ മീഡിയ കളക്ടീവ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിച്ച കേസരി ചാപ്റ്റർ 2, 2019 ലെ ചിത്രമായ കേസരിയുടെ തുടർച്ചയാണ്. ചിത്രം ഏപ്രിൽ 18 ന് തിയേറ്ററുകളിൽ എത്തും.