മലയാളികളുടെ പ്രിയങ്കരനായ മോഹൻലാലാണ് തന്റെ സെലിബ്രിറ്റി ക്രഷെന്ന് വെളിപ്പെടുത്തി നടി അനുപമ പരമേശ്വരൻ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. ലാലേട്ടന്റെ ചിത്രങ്ങൾ കണ്ടാണ് താൻ വളർന്നതെന്നും തങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമുണ്ടെങ്കിലും അതിലൊന്നും കാര്യമില്ലെന്നും അനുപമ പറഞ്ഞു. പ്രായവ്യത്യാസമുള്ളതുകൊണ്ട് മാത്രം മനസ്സിൽ തോന്നിയ ക്രഷ് അല്ലാതാകുന്നില്ലല്ലോ എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
തന്റെ കുടുംബത്തിലും വലിയ മോഹൻലാൽ ആരാധകരുണ്ടെന്ന് അനുപമ കൂട്ടിച്ചേർത്തു. വീട്ടിൽ അമ്മയാണ് ഏറ്റവും വലിയ ലാലേട്ടൻ ഫാൻ. എന്നാൽ തന്റെ സഹോദരനെ കണ്ടാൽ തന്നേക്കാൾ വലിയ ക്രഷ് അവനാണെന്ന് തോന്നിപ്പോകുമെന്നും അനുപമ തമാശരൂപേണ പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ മോഹൻലാൽ ചിത്രങ്ങളുടെ റീലുകൾ മാത്രമാണ് അവൻ അയച്ചുതരാറുള്ളതെന്നും സ്വന്തം ചേച്ചിയോട് സുഖമാണോ എന്ന് പോലും അവൻ ചോദിക്കാറില്ലെന്നും നടി ചിരിയോടെ പങ്കുവെച്ചു.
അതേസമയം, അനുപമ പ്രധാന വേഷത്തിലെത്തിയ ഏറ്റവും പുതിയ കോമഡി എന്റർടെയ്നർ ചിത്രം ‘ക്രെയ്സി കല്യാണം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ഒക്ടോബർ 16-ന് റിലീസ് ചെയ്ത തെലുങ്ക് ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.




