New Release

പുതുവര്‍ഷത്തിലെ ആദ്യ തിയറ്റര്‍ എന്‍ട്രിയുമായി മോഹന്‍ലാല്‍; നാളെ മുതല്‍

പുതുവര്‍ഷത്തില്‍ മോഹന്‍ലാലിന്‍റേതായി തിയറ്ററുകളില്‍ എത്താനൊരുങ്ങുന്നത് ഒരു റീ റിലീസ്. ജോഷിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 2012 ല്‍ പുറത്തെത്തിയ റണ്‍ ബേബി റണ്‍ എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളിലേക്ക് എത്തുന്നത്. നാളെയാണ് ചിത്രത്തിന്‍റെ റീ റിലീസ്. കേരളത്തില്‍ മികച്ച സ്ക്രീന്‍ കൗണ്ട് ഉണ്ട് ചിത്രത്തിന്. കേരളത്തില്‍ 79 തിയറ്ററുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. ഛോട്ടാ മുംബൈക്ക് ശേഷം റീ റിലീസിന് എത്തുന്ന മോഹന്‍ലാല്‍ ചിത്രം കൂടിയാണ് റണ്‍ ബേബി റണ്‍.

ടെലിവിഷന്‍ ന്യൂസ് ചാനലുകളുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് റണ്‍ ബേബി റണ്‍. ടെലിവിഷന്‍ ക്യാമറാമാന്‍ വേണുവായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ടര്‍ രേണുകയായാണ് നായിക അമല പോള്‍ എത്തിയത്. ബിജു മേനോന്‍, ഷമ്മി തിലകന്‍, വിജയരാഘവന്‍, സായ് കുമാര്‍, സിദ്ദിഖ്, അമീര്‍ നിയാസ്, അപര്‍ണ നായര്‍, കൃഷ്ണ കുമാര്‍, മിഥുന്‍ രമേശ്, വി കെ ബൈജു, അനില്‍ മുരളി, അനൂപ് ചന്ദ്രന്‍, ശിവജി ഗുരുവായൂര്‍, ജിന്‍സ് വര്‍ഗീസ്, ബിജു പപ്പന്‍, ബാബു ജോസ്, നിയാസ് ബെക്കര്‍, നന്ദു പൊതുവാള്‍, പൊന്നമ്മ ബാബു, ജോജു ജോര്‍ജ് എന്നിങ്ങനെ ജോഷിയുടെ മറ്റ് ചിത്രങ്ങള്‍ പോലെതന്നെ താരനിബിഢമായിരുന്നു ഇതും.

ഗാലക്സി ഫിലിംസിന്‍റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആയിരുന്നു. ശ്യാം ശശിധരന്‍ എഡിറ്റിംഗും രതീഷ് വേഗ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ മോഹന്‍ലാല്‍ ആലപിച്ച ആറ്റുമണല്‍ പായയില്‍ എന്ന് തുടങ്ങുന്ന ഗാനം വലിയ ഹിറ്റ് ആയിരുന്നു. 2012 ലെ ഓണം- റംസാന്‍ റിലീസ് ആയി ഓഗസ്റ്റ് 29 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം പ്രേക്ഷകരുടെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടുന്നതില്‍ വിജയിച്ചു. ബോക്സ് ഓഫീസിലും വിജയമായിരുന്നു ചിത്രം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button