ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്‍റെ ശക്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ സർക്കാരിന്റെ വാർഷികാഘോഷത്തിന് ലഭിക്കുന്ന ജനപിന്തുണയെപറ്റി പറയുകയായിരുന്നു അദ്ദേഹം. തുടര്‍ഭരണം ലഭിച്ചത് കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ പത്താം വര്‍ഷത്തിലേക്ക് ആണ് കടക്കുന്നതെന്നും. ഓരോ കേന്ദ്രങ്ങളിലും ഉദ്ഘാടന പരിപാടിയില്‍ വലിയ ജനപങ്കാളിത്തമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വാർഷികാഘോഷത്തിനൊപ്പമുള്ള പ്രദര്‍ശന മേളയെയും ജനങ്ങള്‍ ആകെ ഏറ്റെടുക്കുന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കൂട്ടര്‍ സര്‍ക്കാരിന്‍റെ വാര്‍ഷികാഘോഷങ്ങള്‍ ബഹിഷ്കരിക്കുമെന്ന നിലപാട് സ്വീകരിക്കുമ്പോഴാണ് ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന നിലയിലേക്ക് സർക്കാരിന്റെ വാർഷികാഘോഷ പരിപാടികൾ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സമസ്ത മേഖലയിലെയും വികസനവും അതോടൊപ്പം ക്ഷേമപ്രവര്‍ത്തനങ്ങളും ഒരുമിച്ചു കൊണ്ടുപോകുന്ന സര്‍ക്കാരിനൊപ്പം ജനങ്ങള്‍ നിലകൊള്ളുന്നുവെന്ന് ജനപങ്കാളിത്തത്തിലൂടെ മനസിലാക്കാം എന്നും അദ്ദേഹം പറഞ്ഞു.
Also Read: അസാധ്യമാണെന്ന് കരുതിയ പലതും യാഥാർഥ്യമാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്: മുഖ്യമന്ത്രി
എന്തെല്ലാം പ്രതിസന്ധികളെ മറികടന്നാണ് വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൃത്യമായി പറഞ്ഞു. കേന്ദ്രം സൃഷ്ടിക്കുന്ന ധന പ്രതിസന്ധിക്കിടയിലും അതിനെയെല്ലാം മറികടന്നുകൊണ്ട് വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക എന്നത് വലിയ വെല്ലുവിളിയാണെന്നും. ആ വെല്ലുവിളി ഏറ്റെടുത്തു തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുഷ്പ്രചരണങ്ങളിലൂടെ സര്‍ക്കാരിനെ ഇല്ലായ്മ ചെയ്തു കളയാം എന്ന ചിലരുടെ ചിന്തക്കുള്ള ജനങ്ങളുടെ മറുപടിയാണ് വാര്‍ഷികാഘോഷങ്ങളില്‍ എത്തിച്ചേരുന്ന ജനസാഗരമെന്നും. കഴിഞ്ഞ 9 വര്‍ഷമായി നാട്ടില്‍ ഉണ്ടായ മാറ്റങ്ങളുടെ ഗുണഭോക്താക്കളാണ് ഇവിടുത്തെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിച്ചുകൊണ്ട് ഇതര സംസ്ഥാനങ്ങള്‍ക്കും രാജ്യത്തിനാകെയും മാതൃകയായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിദാരിദ്ര്യ നിര്‍മാര്‍ജ്ജനം അടക്കമുള്ള രാജ്യത്തിന് മാതൃകയാകുന്ന പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.
ആരോഗ്യ, വിദ്യാഭ്യാസ, ഐടി മേഖലകളിലും വന്‍കിട പദ്ധതികളുടെ കാര്യത്തിലും, റോഡ് വികസനത്തിലും നാട് മുന്നോട്ടു കുതിക്കുകയാണ്. അസാധ്യമാണെന്ന് കരുതിയ പലതും സാധ്യമാക്കി കൊണ്ടുള്ള ഒമ്പത് വര്‍ഷങ്ങളാണ് കടന്നുപോകുന്നത്. അടുത്ത ഒരു വര്‍ഷം അതിന്‍റെ തുടര്‍ച്ചയായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുക. ജനങ്ങളുടെ പിന്തുണയാണ് സര്‍ക്കാരിന്‍റെ ശക്തി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.