ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രോത്സവങ്ങളിൽ ഒന്നായ കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ ജൂറി അംഗമായി ഇന്ത്യയിൽ നിന്നുള്ള സംവിധയിക പായൽ കപാഡിയ തെരഞ്ഞെടുക്കപ്പെട്ടു. മെയ് 13 മുതൽ 24 വരെ നടക്കുന്ന ചലച്ചിത്ര മേളയിൽ പാം ഡി ഓർ വിജയിയെ തീരുമാനിക്കുന്ന എട്ടംഗം സമിതിയിലാണ് പായൽ കപാഡിയ അംഗമായിരിക്കുന്നത്. ഫ്രഞ്ച് നടി ജൂലിയറ്റ് ബിനോഷ് ചെയർമാനായ എട്ട് ജൂറി അംഗങ്ങളുടെ പേരുകളാണ് ഫെസ്റ്റിവൽ സംഘാടകർ പ്രഖ്യാപിച്ചത്.
അമേരിക്കൻ നടിയും സംവിധായികയുമായ ഹാലി ബെറി, ഇറ്റാലിയൻ നടൻ ആൽബം റോർവാച്ചർ, കൊറിയൻ ചലച്ചിത്ര നിർമാതാവ് ഹോങ് സാങ്സൂ, കോംഗോയിൽ നിന്നുള്ള സംവിധായകൻ ഡീഡോ ഹമാഡി, ഫ്രഞ്ച് – മൊറോക്കൻ എഴുത്തുകാരി ലൈല സ്ലിമാനി, മെക്‌സിക്കൻ സംവിധായകൻ കാർലോസ് റെഗാഡസ് എന്നിവരാണ് ജൂറിയിലുള്ള മറ്റ് അംഗങ്ങൾ.
കഴിഞ്ഞ വർഷം കാൻസ് ഫിലിം ഫെസ്റ്റിവലിൽ തന്നെ ഗ്രാൻഡ് പ്രീ പുരസ്‌കാരം സ്വന്തമാക്കിയ ഇന്ത്യൻ ചിത്രം ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന്‍റെ സംവിധായിക കൂടിയാണ് പായൽ കപാഡിയ. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിൽ സമരം ചെയ്ത് കപാഡിയ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. മുംബൈ നഗരത്തിൽ ജീവിക്കുന്ന മൂന്ന് സ്ത്രീകളുടെ വൈകാരിക ജീവിതത്തെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മേളയിൽ പ്രദർശിപ്പിക്കും.