തിയറ്ററുകൾ ഇളക്കി മറിച്ച് പ്രദർശനം തുടരുന്ന മോഹൻലാൽ ചിത്രം എമ്പുരാനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘അസ്രായേൽ’ എന്ന ഗാനം പാടിയിരിക്കുന്നത് ഉഷ ഉതുപ്പാണ്. ചിത്രത്തിൽ എൻഡ് ക്രെഡിറ്റിൽ ഉപയോഗിച്ചിരിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ദീപക്ക് ദേവും വരികളെഴുതിയിരിക്കുന്നത് മുരളി ഗോപിയുമാണ്.
ഒന്നാം ഭാഗമായ ലൂസിഫറിന്റെ എൻഡ് ക്രെഡിറ്റിൽ ഉപയോഗിച്ചിരുന്ന ‘എമ്പുരാനേ… എന്ന ഗാനവും പാടിയത് ഉഷ ഉതുപ്പായിരുന്നു. മൂന്ന് ചിത്രങ്ങളടങ്ങിയ സിനിമാ പരമ്പരയിലെ രണ്ടാം ചിത്രത്തിന്റെ പേര് ഗാനത്തിൽ ഉപയോഗിക്കുകയായിരുന്നു അണിയറപ്രവർത്തകർ. അതുകൊണ്ട് ഇനി വരാനിരിക്കുന്ന മൂന്നാം ഭാഗത്തിന്റെ പേര് ‘അസ്രയേൽ’ എന്നാവാം എന്നാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ദീപക്ക് ദേവ് പറഞ്ഞിരിക്കുന്നത്.
എമ്പുരാനിൽ ക്‌ളൈമാക്‌സിൽ കാണിച്ച ചൈനീസ് വില്ലൻ സംഘം ആയ ‘ഷെൻ ട്രയാഡി’നെ പറ്റിയുള്ള പത്ര വാർത്തകളാണ് ഗാനത്തിലെ പ്രധാന ദൃശ്യങ്ങൾ. ഒപ്പം ചിത്രത്തിലെ പ്രമേയത്തെയും കേന്ദ്ര കഥാപാത്രത്തിന്റെ സ്വഭാവത്തെയും സൂചിപ്പിക്കുന്ന പ്രശസ്തമായ മഹത് വചനങ്ങളും വിഡിയോയിൽ കാണാം.
ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്ത ഗാനം 2 മണിക്കൂർ കൊണ്ട് 2 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. ഗാനത്തിന് കമന്റ് ബോക്സിൽ ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും മുരളി ഗോപിയുടെ വരികൾക്കുള്ള പ്രശംസകളാണ്. ചിത്രത്തിലെ ഹിന്ദി ഗാനം ഒഴികെയുള്ള മറ്റ് ഗാനങ്ങൾക്കെല്ലാം തന്നെ തൂലിക ചലിപ്പിച്ചത് മുരളി ഗോപിയാണെന്നതും ശ്രദ്ധേയമാണ്.