കെജിഎഫ് എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം യഷ് നായകനായി എത്തുന്ന ചിത്രമാണ് ടോക്സിക്. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അണിയറയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്ന രീതിയില്‍ നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഇവ അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് പ്രതികരിച്ചുകൊണ്ട് രംഗത്തുവന്ന നിര്‍മാതാക്കള്‍ സിനിമയുടെ റിലീസ് ഡേറ്റും പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ സിനിമയുടേതായി പുതിയ ഒരു പോസ്റ്റര്‍ വന്നിരിക്കുകയാണ്. ചോരപ്പാടുകളുള്ള പോസ്റ്ററില്‍ പുറം തിരിഞ്ഞിരിക്കുന്ന യഷിനെയാണ് കാണാനാകുന്നത്.
അടുത്ത വര്‍ഷം മാര്‍ച്ച് 19നാണ് ചിത്രം പുറത്തിറങ്ങുന്നത്. ഇപ്പോഴിതാ പോസ്റ്റർ പുറത്തുവന്നതിന് പിന്നാലെ ഒരു കാര്യം ആരാധകരുടെ ശ്രദ്ധയിൽപ്പെടുകയാണ്. പോസ്റ്ററിൽ സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് യഷും ഗീതു മോഹൻദാസും ചേർന്നാണ് എന്നാണ് കൊടുത്തിരിക്കുന്നത്. ഇതാണ് ചർച്ചയാകുന്നത്. നേരത്തെ യഷും ഗീതുവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു എന്നും സിനിമയുടെ ചിത്രീകരണം നിർത്തിവെച്ചു എന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ തുടർന്ന് ഇതിൽ വിശദീകരണം എന്നവണ്ണം ചിത്രത്തിന്റെ റിലീസ് പോസ്റ്ററുമായി നിർമാതാക്കൾ എത്തിയിരുന്നു.
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. സിനിമ ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമാണ് ഒരുങ്ങുന്നത്. ടോക്സിക് പറയുന്ന കഥയ്ക്ക് ആഗോള സ്വഭാവമുളളതിനാൽ ഇതൊരു പാൻ വേൾഡ് സിനിമയായി ഒരുക്കുക എന്ന തീരുമാനത്തിലാണ് അണിയറപ്രവർത്തകർ. ഇതിനാലാണ് കന്നഡയിലും ഇംഗ്ലീഷിലും ഒരേസമയം ചിത്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്. മാത്രല്ല മറ്റ് ഇന്ത്യൻ ഭാഷകളിലേക്ക് സിനിമ ഡബ് ചെയ്യുമെന്ന വിവരവുമുണ്ട്. കെ വി എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ നാരായണയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമ്മിക്കുന്നത്. യഷിന്റെ 19-ാം സിനിമയാണിത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രത്തിൽ നയൻതാരയും കരീന കപൂറും പ്രധാന വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്.



