ശ്രീനിവാസനെ അനുസ്മരിച്ച് എഴുത്തുകാരന് ഉമ്പാച്ചി. സ്വയം പരിഹസിച്ച് പരിഹരിക്കുന്ന ഒരു ‘ശ്രീത്വ’മെന്നാണ് അദ്ദേഹം അനശ്വരകലാകാരനെ വിശേഷിപ്പിക്കുന്നത്. മമ്മൂട്ടിയാണ് സ്വപ്നമെങ്കില്‍, മോഹന്‍ലാലാണ് സങ്കല്പ്പമെങ്കില്, താനാണ് യാഥാര്‍ത്ഥ്യമെന്ന് ശ്രീനിവാസന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നുവെന്നും ഉമ്പാച്ചി പറയുന്നു. ആ വാക്കുകളിലേക്ക്: വിരൂപനും വെറുക്കപ്പെട്ടവനും ഉള്ളില്‍ അപകര്‍ഷ ബോധമുള്ളവനും പുറമേക്ക് അല്പനുമായി നടിച്ചുകൊണ്ട് നമ്മെ കബളിപ്പിക്കുന്ന ശ്രീനിവാസന് സ്വയം പരിഹസിച്ച് പരിഹരിക്കുന്ന ഒരു ‘ശ്രീത്വ’ത്തെ സ്ക്രീനില്‍ പരിചയപ്പെടുത്തി. വിനു എബ്രഹാം എഡിറ്റ് ചെയ്ത ‘ശ്രീനിവാസന് ഒരു പുസ്തകം’ എന്ന ഗ്രന്ഥത്തിന്റെ ആമുഖമായി ശ്രീനിവാസന് ഇങ്ങനെ എഴുതി.
‘ഇങ്ങനെ ഒരു ജീവിതരേഖ സംഭവിക്കുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ എന്റെ ജീവിതത്തെ ഞാന്‍ കൂടുതല്‍ സംഭവ ബഹുലമാക്കിയേനെ’. പ്രസ്തുത പുസ്തകത്തിന്റെ ഉദ്ദേശ്യത്തെ മുഖവുരയില്‍ തന്നെ അട്ടിമറിച്ചു കളഞ്ഞു ശ്രീനിവാസനതില്‍. ഇതാണദ്ദേഹത്തിന്റെ ഒരു കാര്യപരിപാടി. ഈ മറിച്ചിടല്‍ ശ്രീനിവാസന് സിനിമകളില്‍ ഉടനീളം കാണാം. കമേഴ്സ്യന്‍ ഹിറ്റുകളില്‍ അഭ്യസ്തവിദ്യനും സവര്‍ണ്ണനും സുന്ദരനുമായ വീരനായകന്റെ മറുപുറവര്‍ത്തിയായ കീഴാള കോമാളിരൂപമായി അദ്ദേഹം. ഇത് സ്വയം തിരഞ്ഞെടുക്കുന്നത് കൂടിയാണ്. മലയാളത്തിലെ അതിബുദ്ധിമാനായ നടനും രചയിതാവുമായിരുന്നു ആ അര്‍ത്ഥത്തില്‍ ശ്രീനിവാസന്.
ചിദംബരം മുതല്‍ ഉദയനാണു താരം വരേയുള്ള സിനിമകള്‍ ശ്രീനിവാസനെ നോക്കിയ കാമറക്കണ്ണിന്റെ നോട്ടം നമ്മള് കണ്ടതാണ്. സിനിമയുടെ മെയിന്‍ സ്ട്രീം സങ്കല്പങ്ങള് ലംഘിക്കുക, ഒപ്പം പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്ന ചുമതലയേറ്റെടുക്കുക, എന്നിട്ടത് രണ്ടിലും വിജയിക്കുക..കമേഴ്സ്യല്‍ സിനിമയില്‍ ക്ളാസിക്കുകള്‍ സാദ്ധ്യമാണെന്ന് വടക്കുനോക്കിയന്ത്രവും ചിന്താവിഷ്ടയായ ശ്യാമളയുമൊക്കെ എടുത്ത് അദ്ദേഹം വളരെ നേരത്തേ തന്നെ സ്ഥാപിച്ചുകളഞ്ഞു. മലയാളികളുടെ ചിരപുരാതന സൗന്ദര്യ സങ്കല്പ്പത്തിന് ഒട്ടും നിരക്കാത്ത പുരുഷാകൃതിയും ശരീരഭാഷയും വെച്ച് സ്വന്തം ശരീരത്തിലൂടെ കേരളീയ ജീവിതത്തിലെ കാപട്യങ്ങളെ മുഴുവന്‍ സ്ക്രീനില്‍ പ്രകടമാക്കാന്‍ ശ്രീനിവാസനെ പ്രാപ്തനാക്കിയത് സമൂഹത്തിന്റെ സൂക്ഷ്മ ഭാവങ്ങളെയും ഉള്ളുകള്ളികളെയും ഭാവുകത്വധാരകളേയും പരിണാമങ്ങളേയും
പരാജയങ്ങളേയും അനന്യമായ നര്‍മ്മത്തിലൂടെ കാണാനും കാണിക്കാനുമുള്ള അദ്ദേഹത്തിന്റെ സ്വതസിദ്ധമായ വൈഭവമാണ്.
മമ്മൂട്ടിയാണ് സ്വപ്നമെങ്കില്‍,
മോഹന്‍ലാലാണ് സങ്കല്പ്പമെങ്കില്,
താനാണ് യാഥാര്‍ത്ഥ്യമെന്ന്
ശ്രീനിവാസന് ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരുന്നു.




