Tamil

ക്ലാഷ് റിലീസ്, പരാശക്തിയുടെ കളക്ഷന് വിജയ്‌യുടെ ജനനായകൻ വില്ലനാകുമോ?

സൂപ്പർതാരങ്ങളുടേത് ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് പൊങ്കലിന് തമിഴ്‌നാട്ടിൽ തിയേറ്ററുകളിൽ എത്തുന്നത്. വലിയ ആരവങ്ങളോടെ എത്തുന്ന സിനിമകൾ ബോക്സ് ഓഫീസിലിൽ നിന്ന് കോടികളാണ് വാരിക്കൂട്ടുന്നത്. ഇപ്പോഴിതാ 2026 പൊങ്കലിന് വിജയ് ചിത്രം ജനനായകനും ശിവകാർത്തികേയന്റെ പരാശക്തിയും ഒരുമിച്ചെത്തുന്നു എന്ന വാർത്ത സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയിരുന്നു. എന്നാൽ ജനനായകന്റെ റിലീസ് പരാശക്തിയുടെ കളക്ഷനെ സാരമായി ബാധിക്കും എന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിൽ വ്യക്തത വരുത്തുകയാണ് നിർമാതാവായ അർച്ചന കൽ‌പാത്തി.

‘പൊങ്കൽ എന്നത് ഒരുപാട് ദിവസം നീണ്ട് നിൽക്കുന്ന അവധിയാണ്. ജനനായകൻ പൊങ്കലിന് മുൻപാണ് വരുന്നത്. പരാശക്തി ജനുവരി 14 ന് ഇറങ്ങുന്ന സമയത്ത് 80 ശതമാനം ആളുകളും ജനനായകൻ കണ്ടിട്ടുണ്ടാകും. മാത്രമല്ല പൊങ്കലിന് രണ്ട് സിനിമകൾ ആളുകൾ കാണുന്നതും ഒരു പതിവാണ്. അതുകൊണ്ട് രണ്ട് സിനിമകൾ പൊങ്കലിന് പുറത്തിറങ്ങുന്നതിൽ ഒരു കുഴപ്പവുമില്ല. ജനുവരി തമിഴ് സിനിമയ്ക്കും തിയേറ്റർ ഓണർമാർക്കും ഒരു കിടിലൻ മാസമാകും’, അർച്ചനയുടെ വാക്കുകൾ.

ജനനായകൻ ജനുവരി ഒൻപതിനും പരാശക്തി 14 ലിനുമാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയാണ് ജനനായകൻ ഒരുങ്ങുന്നത്. ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്കും ടീസറിനും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായതിനാൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ഉള്ളത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്.

കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ‘പരാശക്തി’ ശിവകാർത്തികേയന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയായിട്ടാണ് പരാശക്തി ഒരുങ്ങുന്നത്. രവി മോഹനും അഥർവയും ശ്രീലീലയും സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി വി പ്രകാശ് കുമാറാണ് സിനിമയുടെ സംഗീത സംവിധാനം. അമരന് ശേഷം ജിവി പ്രകാശ് കുമാറും ശിവകാർത്തികേയനും ഒന്നിക്കുന്ന സിനിമയാണിത്. 150 കോടി മുതൽ മുടക്കിലായിരിക്കും സിനിമ ഒരുങ്ങുക എന്നാണ് ഇന്ത്യഗ്ലിറ്റ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button