മലയാളികളുടെ പ്രിയപ്പെട്ട നടനാണ് നിവിൻ പോളി. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല നിവിന്. മോശം സിനിമകളും ബോക്സ് ഓഫീസ് പരാജയങ്ങളും നടനെ പിന്നോട്ടടിക്കുന്നുണ്ട്. ഇപ്പോഴിതാ ഒരു വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിൻ പോളി. അതിന്റെ സൂചനകളും പുറത്തുവരുന്നുണ്ട്. ഡിസംബർ 25 ന് സർവ്വം മായ പുറത്തിറങ്ങുന്നതോടെ നടന്റെ കഷ്ടപ്പാടുകൾ അവസാനിക്കുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ ടീസർ പുറത്തിറക്കിയത്. ഇതിന് പിന്നാലെ എത്തിയ സിനിമയുടെ ബിടിഎസ് വിഡിയോയും വളരെ പോസറ്റീവ് വൈബ് ആണ് നൽകുന്നത്. ചിരിച്ച് കളിച്ച് ഒരു ഫൺ മൂഡിലാണ് നിവിൻ ഈ വിഡിയോയിൽ എല്ലാം ഉള്ളത്. ഏറെ നാളായി നടനെ ഇങ്ങനെ ചിരിച്ച് കണ്ടിട്ട് എന്നാണ് പുറത്തുവരുന്ന കമന്റുകൾ.
ഇതിന് തൊട്ടുപിന്നാലെ എത്തിയ സിനിമയുടെ പോസ്റ്ററുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിവിനേയും അജു വർഗീസിനെയുമാണ് പോസ്റ്ററിൽ കാണാനാകുന്നത്. ഈ കോമ്പോ വീണ്ടും ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു. നിവിൻ പോളിയുടെ സ്ലീപ്പർ സെല്ലുകൾ ഡിസംബർ 25 ന് തിയേറ്ററിൽ എത്തുമെന്നാണ് എക്സിൽ പലരും കുറിക്കുന്നത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്. എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്.




