സിനിമാ മേഖലയിൽ വേതനത്തിന്റെ കാര്യത്തിൽ വേർതിരിവുണ്ടെന്ന് നടി വാമിഖ ഗബ്ബി. സിനിമകൾ പരാജയപ്പെടുമ്പോൾ നടന്മാരുടെ പ്രതിഫലത്തെക്കുറിച്ച് ആരും ചർച്ച ചെയ്യുകയോ നടന്മാർ പ്രതിഫലം കുറയ്ക്കുകയോ ചെയ്യില്ല, എന്നാൽ സ്ത്രീകളായ അഭിനേതാക്കൾ എപ്പോഴും വിമർശനങ്ങൾക്ക് ഇരയാവുകയും പ്രതിഫലം കുറക്കുകയും ചെയ്യേണ്ടി വരുന്നു എന്ന് വാമിഖ പറഞ്ഞു. സൂമിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
‘പ്രതിഫലത്തിലെ വ്യത്യാസം എന്നെ തളർത്തുന്നില്ല, പക്ഷേ നിങ്ങൾ ഒരു സ്ത്രീയാണെന്നും നിങ്ങൾക്ക് കുറഞ്ഞ പ്രതിഫലം മാത്രമേ ലഭിക്കൂ എന്നുമുള്ള ഒരു തോന്നലുണ്ട്. അതിന് പറയുന്ന കാരണം നായകന്മാർക്ക് പ്രേക്ഷകരെ തിയേറ്ററിൽ കൊണ്ടുവരാൻ കഴിയുമെന്നാണ്. ആ ലോജിക് എനിക്ക് മനസിലാകുന്നില്ല. നായിക ഇല്ലാതെ സിനിമ ചെയ്യാൻ കഴിയില്ലല്ലോ. നടന്മാർക്ക് വലിയ പ്രതിഫലം നൽകി സിനിമ ചെയ്യുന്നു. എന്നാൽ അത് വിജയിച്ചില്ലെങ്കിൽ അവരുടെ പ്രതിഫലത്തെ അത് ബാധിക്കുമോ?’ വാമിഖ ചോദിക്കുന്നു.
‘പ്രതിഫലത്തിന്റെ കാര്യത്തിൽ വേർതിരിവുണ്ടെന്ന കാര്യം എനിക്ക് നിഷേധിക്കാനാകില്ല. എല്ലാ ‘പുരുഷ കേന്ദ്രീകൃത’ സിനിമകളും നായികയില്ലാതെ ചെയ്യാൻ കഴിയില്ല,’ എന്നും വാമിഖ ഗബ്ബി കൂട്ടിച്ചേർത്തു.
ഭൂൽ ചുക് മാഫ് എന്ന സിനിമയാണ് വാമിഖ ഗബ്ബിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. കരൺ ശർമ്മ സംവിധാനം ചെയ്ത ചിത്രത്തിൽ രാജ്കുമാർ റാവുവാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുവർക്കും പുറമെ സീമ പഹ്വ, സഞ്ജയ് മിശ്ര, ഇഷ്തിയാക് ഖാൻ എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രം ഇപ്പോൾ ആമസോൺ പ്രൈമിൽ ലഭ്യമാണ്. ദിൽ കാ ദർവാസ ഖോൽ ന ഡാർലിംഗ്, ഭൂത് ബംഗ്ലാ, ഗൂഡചാരി 2 എന്നീ സിനിമകളും വാമിഖയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.