വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് നോബിൾ ബാബു തോമസ് നായകനായെത്തിയ ചിത്രമാണ് ‘കരം’. വലിയ പ്രതീക്ഷകളോടെയാണ് ചിത്രം തിയറ്ററുകളിലെത്തിയത്. സെപ്റ്റംബർ 25 നായിരുന്നു ചിത്രത്തിന്റെ റിലീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രമെന്ന നിലയ്ക്കാണ് കരം തിയറ്ററുകളിലെത്തിയത്. മനോജ് കെ ജയൻ, കലാഭവൻ ഷാജോൺ, ബാബുരാജ്, ശ്വേത മേനോൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാർ. കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാരേക്കാൾ ആരാധകരുണ്ടായിരുന്ന പരിശീലകൻ, മലയാളികളുടെ പ്രിയപ്പെട്ട ആശാൻ ഇവാൻ വുകോമനോവിച്ചും സിനിമയിൽ ആന്ദ്രേ നിക്കോള എന്ന കഥാപാത്രമായി എത്തി.
ജോർജിയ, റഷ്യയുടെയും അസർബൈജാന്‍റെയും അതിർത്തികൾ എന്നിവിടങ്ങളിലായാണ് പ്രധാനമായും ഷൂട്ടിങ് നടന്നത്. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്. മനോരമ മാക്സിലൂടെ നവംബർ 7 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. ജോമോൻ ടി ജോൺ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ ഷാൻ റഹ്മാനാണ് സംഗീതം. തട്ടത്തിൻ മറയത്ത്, തിര, ജേക്കബിന്‍റെ സ്വർഗരാജ്യം എന്നീ ചിത്രങ്ങൾക്കു ശേഷം വിനീതിനൊപ്പം ജോമോനും ഷാനും വീണ്ടും ഒന്നിച്ച ചിത്രമാണിത്. രഞ്ജൻ എബ്രഹാമാണ് എഡിറ്റിങ്. നായകനായ നോബിൾ ബാബു തോമസാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്.




