ചില വാശികൾ തീരുമാനങ്ങൾ അതാർക്കും വേണ്ടി എളുപ്പത്തിൽ മാറ്റാനാകില്ല, അതുപോലൊരു കടുപ്പമുള്ള തീരുമാനവും, വിലായത്ത് ബുദ്ധ എന്ന മറയൂരിലെ ചന്ദന മരത്തിന് വേണ്ടി ഒരു ഗുരുവും ശിഷ്യനും തമ്മിലെ പോരാട്ടവും ത്രിലിംഗ് മാസ് നിമിഷങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ‘വിലായത്ത് ബുദ്ധ’ എന്ന സിനിമ.
ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ പ്രിത്വിരാജ് നായകനായ ചിത്രം ബന്ധങ്ങളുടെ അടുപ്പവും, സമൂഹത്തിൽ മാറ്റി നിർത്തപ്പെടുന്നതിന്റെ ബുദ്ധിമുട്ടുകളും സംസാരിക്കുന്ന ഇമോഷണൽ ആക്ഷൻ ഡ്രാമ സിനിമയാണ്. തിയേറ്ററിൽ പിടിച്ചിരുത്തുന്ന ലാഗടിപ്പിക്കാത്ത സിനിമയ്ക്ക് ആദ്യ ദിവസം തന്നെ കയ്യടിക്കുകയാണ് പ്രേക്ഷകർ
G R ഇന്ദുഗോപന്റെ മലയാളികൾ ഏറ്റെടുത്ത നോവലിന്റെ സിനിമ രൂപമാണ് ‘വിലായത്ത് ബുദ്ധ’. ഡബിൾ മോഹനെന്നും ചിന്ന വീരപ്പനെന്നും വിളിപ്പേരുള്ള ചന്ദനക്കൊള്ളക്കാരൻ മോഹനനായി നിറഞ്ഞാടുകയാണ് പ്രിത്വിരാജ്. മത്സരിച്ച് അഭിനയിച്ചു എന്നുറപ്പിച്ച് പറയാനാകുന്ന വിധമുള്ള ഓരോ താരങ്ങളുടെയും പ്രകടനം കയ്യടി നേടുന്നുണ്ട്. ഭാസ്കരൻ മാഷായി ചിത്രത്തിന്റെ ആദ്യാവസാനം നിറഞ്ഞ് നിൽക്കുന്ന ഷമ്മി തിലകന്റെ കഥാപത്രം വാശി തോൽവി അപമാനം തുടങ്ങി നിരവധി വികാരങ്ങളിലൂടെയുള്ള സഞ്ചാരത്തിന് പ്രേക്ഷകന് അവസരമൊരുക്കുന്നുണ്ട്.സിനിമ ചന്ദനം കൊള്ളയിലൂടെ വികസിക്കുമ്പോൾ തന്നെ ഇഴയടുപ്പമുള്ള മോഹനന്റെയും ചൈതന്യയുടെയും പ്രണയത്തെ സുന്ദരമായി അവതരിപ്പിക്കുന്നുണ്ട്. ആഴമുള്ളൊരു പ്രണയം മനുഷ്യനെ മനുഷ്യനിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് സിനിമ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. ചൈതന്യയായി വേഷമിടുന്നത് പ്രിയംവദയാണ്. വേശ്യയുടെ മകളെന്ന ചൈതന്യയുടെ പേരുദോഷത്തെ മാറ്റാനായി മോഹനൻ നടത്തുന്ന ശ്രമം സിനിമ സംസാരിക്കുന്നു.
മോഹനന്റെ നാട് അനുഭവിക്കുന്ന, അവരുടെ ജീവിതത്തെ കാലങ്ങളായി വീഴച്ചകളിൽ നിന്ന് ഉയർത്താത്ത പ്രതിസന്ധികളും സിനിമയിൽ കൃത്യമായി കാണിക്കുന്നുണ്ട്. അത് നിലനിൽപ്പിന്റെ പോരാട്ട കഥയായി കൂടി സിനിമയിൽ പറഞ്ഞുവെക്കുന്നു. മാസ് ആഘോഷത്തിനുള്ള അവസരങ്ങൾ സിനിമയിൽ കൃത്യമായി ചേർത്തുവെക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. തന്റെ ആദ്യ സിനിമയാണെന്ന തെല്ലും ടെൻഷൻ പ്രകടന മികവിന് കയ്യടി അർഹിക്കുന്നുണ്ട് . ജി ആർ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയെ കിടിലൻ തിയേറ്റർ അനുഭവമാക്കി മാറ്റുന്നതിൽ സംഗീതം വഹിച്ച പങ്ക് ചെറുതല്ല, ജെക്സ് ബിജോയിയാണ് സിനിമയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് സാരംഗയാണ് എഡിറ്റിങ്.




