ദളപതി വിജയ്യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജനനായകൻ. ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്റര്ടെയ്നര് ആയി പുറത്തിറങ്ങുന്ന സിനിമ ഇതിനകം ചർച്ചകളിൽ ഇടം പിടിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണിത്. ജനുവരി 9 നാണ് ചിത്രം തിയേറ്ററിൽ എത്തുന്നത്. തമിഴ് പതിപ്പിനൊപ്പം സിനിമയുടെ ഹിന്ദി വേർഷനും പുറത്തുവരും. സാധാരണ വിജയ് സിനിമകൾക്ക് ഇങ്ങ് കേരളത്തിൽ വരെ വലിയ ഓളമാണ് ഉണ്ടാകാറുള്ളത്. ഇക്കുറി ആഘോഷം അല്പം കൂടെ കൂടും. സിനിമ കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നത് പുലർച്ചെ നാലു മണിക്കാണ്. പോലീസ് വേഷത്തിലാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഡിസംബര്‍ 28 ന് മലേഷ്യയിലെ ക്വാലാലംപൂരില്‍ വെച്ച് നടക്കും. പരിപാടിക്ക് മുന്നോടിയായി മലേഷ്യന്‍ സര്‍ക്കാര്‍ നല്കിയ നിര്‍ദേശങ്ങൾ ശ്രദ്ധ നേടിയിരുന്നു. പരിപാടി സിനിമയുടെ പ്രമോഷൻ മാത്രമായിരിക്കണമെന്നും ചടങ്ങില്‍ സംസാരിക്കുന്നവര്‍ ആരും തന്നെ രാഷ്ട്രീയപരമായ കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും നിര്‍ദേശമുണ്ട്. വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴ് വെട്രി കഴകത്തിന്റെ ഫ്ളാഗുകളോ ചിഹ്നമോ ടി ഷര്‍ട്ടുകളോ ധരിച്ച് പരിപാടിക്കെത്തരുതെന്ന് പറഞ്ഞതായാണ് വിവരം.
ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, നരേന്, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. ജനനായകനിൽ 275 കോടിയാണ് വിജയ്യുടെ പ്രതിഫലം എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിജയ്യുടെ മുൻ ചിത്രമായ ദി ഗോട്ടിൽ 200 കോടി ആയിരുന്നു നടന്റെ പ്രതിഫലം. എന്നാൽ ഇതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. അതേസമയം, സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഇപ്പോൾ നടക്കുകയാണ്.
സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. വമ്പന്‍ പ്രീ റിലീസ് ബിസിനസ് ആണ് ചിത്രം ആഗോള മാര്‍ക്കറ്റില്‍ നിന്ന് നേടിയിരിക്കുന്നത്. അതിനാല്‍ത്തന്നെ അതാത് മാര്‍ക്കറ്റുകളില്‍ വലിയ കളക്ഷന്‍ നേടിയാല്‍ മാത്രമേ ചിത്രത്തിന് ഹിറ്റായി മാറാൻ കഴിയൂ.




