2022 ൽ റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ റിലീസ് ചെയ്ത് വൻ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒക്ടോബർ രണ്ടിന് റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ കാന്താരയ്ക്കൊപ്പം മത്സരിക്കാൻ മറ്റൊരു വമ്പൻ സിനിമയും തയ്യാറെടുക്കുകയാണ്. വരുൺ ധവാനെ നായകനാക്കി ശശാങ്ക് ഖൈതാൻ സംവിധാനം ചെയ്യുന്ന ‘സണ്ണി സംസ്‌കാരി കി തുളസി കുമാരി’ ആണ് കാന്താരയ്ക്കൊപ്പം ഒക്ടോബർ രണ്ടിന് റിലീസിനൊരുങ്ങുന്നത്. ജാൻവി കപൂർ ആണ് സിനിമയിലെ നായിക.
ഒരു റൊമാന്റിക് കോമഡി ഴോണറിൽ ഒരുങ്ങുന്ന സിനിമ നിർമിക്കുന്നത് ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മെഹ്ത, ശശാങ്ക് ഖൈതാൻ എന്നിവർ ചേർന്നാണ്. ഹംപ്റ്റി ശർമ്മ കി ദുൽഹനിയ, ബദരീനാഥ് കി ദുൽഹനിയ എന്നീ സിനിമകൾക്ക് ശേഷം ശശാങ്ക് ഖൈതാനും വരുൺ ധവാനും ഒന്നിക്കുന്ന സിനിമയാണ് ‘സണ്ണി സംസ്‌കാരി കി തുളസി കുമാരി’. സിനിമയുടെ ഫസ്റ്റ് ലുക്ക് ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. അതേസമയം, ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് പിന്നാലെ സോഷ്യൽ മീഡിയയിലാകെ തണുപ്പൻ പ്രതികരണം ആണ് ലഭിക്കുന്നത്. കാന്താര എന്ന ഏവരും കാത്തിരിക്കുന്ന ഒരു സിനിമയുമായി ക്ലാഷ് വെക്കുന്നത് മണ്ടത്തരമാണെന്നും വരുൺ ധവാൻ ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കണമെന്നാണ് പലരും എക്സിൽ കുറിക്കുന്നത്.
എന്നാൽ സിനിമയെ പിന്തുണയ്ച്ചും നിരധി പേരെത്തി. കാന്താരയ്ക്കൊപ്പം പിടിച്ചുനിൽക്കാൻ ഈ സിനിമയ്ക്ക് സാധിക്കുമെന്നും ബോളിവുഡ് ശക്തമായി തിരിച്ചുവരുമെന്നുമാണ് കമന്റുകൾ. അതേസമയം, കാന്താരയുടെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റർ 1 ഒക്ടോബർ രണ്ടിലാണ് പ്രേക്ഷകരിലെത്തുക. 150 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഹോംബാലെ ഫിലിംസ് ആണ് നിർമിക്കുന്നത്. ആദ്യഭാഗത്തിൽ നിന്ന് വ്യത്യസ്തമായി വമ്പൻ ക്യാൻവാസിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചേർത്താകും സിനിമ ഒരുക്കുക. 2022 ലാണ് റിഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ ‘കാന്താര’ ആദ്യഭാഗം റിലീസ് ചെയ്തത്. കന്നഡയിൽ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടർന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരവും റിഷഭിനെ തേടിയെത്തിയിരുന്നു.