മോഹൻലാൽ നായകനായ പുതിയ ചിത്രം തുടരും ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. തിയേറ്ററിൽ മികച്ച സ്വീകാര്യത ലഭിച്ച സിനിമയ്ക്ക് ഒടിടിയിലും മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്. ഒടിടി റിലീസിന് പിന്നാലെ മോഹൻലാലിന്റെ അഭിനയ മുഹൂർത്തങ്ങൾ ആരാധകർ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട്. തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മോഹൻലാൽ ഞെട്ടിച്ചെന്നും മലയാള സിനിമ വീണ്ടും അത്ഭുതപ്പെടുത്തുകയാണെന്നുമാണ് കമന്റുകൾ. വില്ലനെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനം ഞെട്ടിച്ചെന്നും തമിഴിൽ പോലും ഇത്തരമൊരു വില്ലനെ കണ്ടിട്ട് കുറെ കാലമായി എന്നും അഭിപ്രായങ്ങളുണ്ട്. ചിത്രത്തിലെ ആക്ഷൻ സീനുകൾക്കും മോഹൻലാൽ – ശോഭന റൊമാന്റിക് സീനുകൾക്കും കയ്യടി ലഭിക്കുന്നുണ്ട്.
ദൃശ്യം പോലെ അത്ഭുതപ്പെടുത്തിയ സിനിമയാണ് തുടരുമെന്നും മോഹൻലാൽ ഒരു കംപ്ലീറ്റ് തന്നെയാണെന്നും സിനിമ കണ്ടവർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നുണ്ട്. തിയേറ്ററിൽ വിജയമാകുന്ന സിനിമകൾ ഒടിടിയിലെത്തുമ്പോൾ വിമർശനങ്ങൾക്ക് വിധേയരാകുന്ന പതിവ് രീതിയെകളെ മറികടന്നാണ് സിനിമ സ്ട്രീമിങ്ങിലും മികച്ച അഭിപ്രായം സ്വന്തമാക്കുന്നത്.അതേസമയം, സിനിമയിലെ പ്രധാനപ്പെട്ട ചില രംഗങ്ങളും ലൂസിഫറിലെ ചില രംഗങ്ങളും തമ്മിൽ താരതമ്യം ചെയ്ത് മോഹൻലാൽ എന്ന അഭിനേതാവിന്റെ മികവിനെപ്പറ്റി പറയുന്നുണ്ട് ആരാധകർ. തുടരും എന്ന സിനിമയിലെ വില്ലൻ കഥാപാത്രമായ പ്രകാശ് വർമ്മയെ മോഹൻലാൽ തീക്ഷ്ണതയോടെ നോക്കുന്ന ഒരു ക്ലോസ് അപ്പ് ഷോട്ടുണ്ട്. ‘ഇതെന്റെ കഥയാടാ.. ഈ കഥയിലെ ഹീറോ ഈ ജോർജ് സാറാടാ.. ഓർക്കാൻ പോലും നീ ഈ കഥയിൽ ബാക്കി ഉണ്ടാവില്ല..’ എന്ന് പ്രകാശ് വർമ്മയുടെ കഥാപാത്രം പറയുന്നതിന് പിന്നാലെയാണ് മോഹൻലാലിന്റെ തീക്ഷ്ണമായ നോട്ടം. ലൂസിഫർ എന്ന സിനിമയിൽ സ്റ്റീഫൻ നെടുമ്പള്ളി മയിൽവാഹനത്തെ നോക്കുന്ന ക്ലോസ് അപ്പ് ഷോട്ടുമായാണ് ആരാധകർ ഈ രംഗത്തെ താരതമ്യം ചെയ്യുന്നത്.
അതുപോലെ തുടരുമിലെ പൊലീസ് സ്റ്റേഷൻ സീനിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നുണ്ട്. ഈ രംഗത്തിൽ തന്റെ പ്രതിയോഗിയോട് ‘നിന്റെയൊക്കെ കൂട്ടത്തോട് പോയി പറ ഒറ്റയാൻ വീണ്ടും കാട് കയറിയിട്ടുണ്ടെന്ന്’ എന്ന് പറയുന്ന നിമിഷത്തില്‍ മോഹൻലാലിന്റെ മുഖഭാവവും ലൂസിഫറിൽ ‘എന്റെ പിള്ളേരെ തൊടുന്നോടാ’ എന്ന ഡയലോഗ് പറയുമ്പോഴുള്ള മുഖഭാവവും തമ്മിലും താരതമ്യം നടക്കുന്നുണ്ട്. ഈ രംഗങ്ങളിൽ കണ്ണുകളിൽ കാണാൻ കഴിയുന്ന തീവ്രത മാത്രം മതി മോഹൻലാൽ എന്ന അഭിനേതാവിനെ വിലയിരുത്താൻ എന്ന് ആരാധകർ പറയുന്നു. അതേസമയം ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്.