‘ലോക- ചാപ്റ്റർ വൺ: ചന്ദ്ര’യിലെ ശോക മൂകം എന്ന ഗാനം ഓണം പ്രമാണിച്ച് റിലീസ് ചെയ്തു. ഒരു ബോയ്‌സ് ആന്തം എന്ന നിലയിൽ ഇറങ്ങിയ ഈ ഗാനം ശ്രദ്ധേയമായി മുന്നേറുകയാണ്. ജെ.കെ. ഈണം നൽകിയിരിക്കുന്ന ഈ ഗാനത്തിന് വരികൾ എഴുതിയത് വിനായക് ശശികുമാറാണ്. ബെന്നി ദയാൽ, പ്രണവം ശശി ജേമൈമ എന്നിവർക്കൊപ്പം സംഗീതസംവിധായകനായ ജെ.കെ.യും ഈ ഗാനം ആലപിച്ചിട്ടുണ്ട്. സൗഹൃദത്തിന്റെ ആഘോഷം വിളിച്ചോതുന്ന ഈ ഗാനം യുവാക്കളെ ആകർഷിക്കുന്ന ഒന്നാണ്.
കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവർ നായികാ നായകന്മാരായി എത്തിയ ഈ ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രേക്ഷകരെ ത്രസിപ്പിച്ചുകൊണ്ട് ചില അതിഥി വേഷങ്ങളും ചിത്രത്തിലുണ്ട്. ‘ലോക- ചാപ്റ്റർ വൺ: ചന്ദ്ര’ റിലീസ് ചെയ്ത് ആദ്യ ആഴ്ചയിൽ തന്നെ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു. തെന്നിന്ത്യൻ സിനിമയിൽ നായിക പ്രാധാന്യമുള്ള ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.
കേരളത്തിന് പുറത്തും മികച്ച പ്രേക്ഷക പിന്തുണ നേടിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളിലും സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്നു. കേരളത്തിലെ പ്രശസ്ത ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ ഒരുക്കിയത്. ‘ലോക’ എന്ന പേരിൽ ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിക്കുന്ന ആദ്യ ചിത്രമാണിത്. മലയാള സിനിമയുടെ സാധ്യതകൾ ലോകം മുഴുവൻ തുറന്നിടുന്ന ഒരു പുതിയ ലോകം തന്നെ ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്.