ബഹറിനിൽ മലയാളി ദമ്പതികള്‍ ഒരുക്കിയ ആന്തോളജി ഫിലിം ശ്രദ്ധേയമാവുന്നു. ജയാ മേനോന് രചിച്ച കഥകളും തിരക്കഥകളും അടിസ്ഥാനമാക്കി നിര്‍മ്മിക്കപ്പെട്ട ഈ സിനിമകള്‍ ഗള്‍ഫില്‍ നിന്നുള്ള ആദ്യത്തെ മലയാളം ആന്തോളജി ചിത്രമായ ‘ഷെല്‍ട്ടര്‍’ എന്ന പ്രൊജക്ടിന്റെ ഭാഗമായാണ് ഒരുങ്ങിയിരിക്കുന്നത്. പൂര്‍ണമായും ബഹ്റൈനില്‍ ചിത്രീകരിച്ച ഈ സിനിമകളിലെ എല്ലാ അഭിനേതാക്കളും,സാങ്കേതിക വിദഗ്ധരും ബഹ്റൈനില്‍ നിന്നുള്ളവരാണെന്നതാണ് ഈ സിനിമകളുടെ പ്രത്യേകത.
ബഹറൈനില്‍ ഒരാഴ്ചക്കാലം നിറഞ്ഞ സദസില്‍ ചിത്രം പ്രദർശിപ്പിച്ചിരുന്നു. ജി സി സിയില്‍ നിന്നുള്ള ആദ്യത്തെ മലയാളം ആന്തോളജി ഫിലിം എന്ന ബഹുമതി കൂടി ഷെല്ട്ടറിനുണ്ട്. നാല് സിനിമകള്‍ ചേര്‍ന്ന ഈ ആന്തോളജിയില്‍ മൂന്നെണ്ണത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് ജയ മേനോനാണ്. ഇതിലെ സ്റ്റെയില്‍മേറ്റ് എന്ന സിനിമയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നതും ജയാ മേനോൻ തന്നെയാണ്. ഒരു എഴുത്തുകാരി കൂടിയായ ജയാ മേനോന് ഏകദേശം പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പ്രകാശ് മേനോനും സിനിമ സീരിയല്‍ രംഗത്ത് സജീവമാണ്.’ഭ്രമകല്പനകള്’ എന്ന നോവലിന്റെ രചിയിതാവുകൂടിയാണ് ജയാ മേനോന്. ബി എം സി ഫിലിം സൊസൈറ്റിയും ഇടത്തൊടി ഫിലിംസും ജെ പി ക്രീയേഷന്‍സും ചേര്‍ന്നാണ് ഈ സിനിമ തിയേറ്ററില്‍ എത്തിക്കുന്നത്. ബഹ്റൈനില്‍ നിന്നുള്ള ഒരു മുഴു നീള ഫീച്ചര്‍ സിനിമയുടെ നിര്മ്മാണത്തിലാണിവര്. മലയാള സിനിമയിലെ അഭിനേതാക്കളും, ബഹ്റൈനിലും ഫിലിപ്പീന് സമൂഹത്തിലും നിന്നുള്ള കലാകാരന്മാരുമായിരിക്കും ചിത്രത്തില്‍ അഭിനേതാക്കളായി എത്തുക.