കല്യാണി പ്രിയദർശൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് ‘ലോക’. ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. ചിത്രം ആഗോള ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തീർത്ത് മുന്നേറുകയാണ്. ഏഴ് ദിവസങ്ങൾക്കുള്ളിൽ 100 കോടിയിലധികം കളക്ഷനാണ് സിനിമ സ്വന്തമാക്കിയത്. ആഗസ്റ്റ് 28ന് റിലീസ് ചെയ്ത ചിത്രം വെറും ആറ് ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം കണ്ട് സൂര്യയും ജ്യോതികയും വിളിച്ച് അഭിനന്ദിച്ചെന്ന് മനസുതുറക്കുകയാണ് നസ്ലെൻ. ലോകയുടെ തമിഴ് സക്സസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരം.
‘എനിക്ക് എന്ത് പറയണമെന്ന് അറിയില്ല. ജീവിതത്തിൽ എന്തൊക്കെയോ നടക്കുന്നു. രാവിലെ സൂര്യ സാറും ജ്യോതിക മാമും വിഡിയോ കോൾ ചെയ്തു. പടം സൂപ്പറാണെന്ന് പറഞ്ഞു. ജീവിതത്തിൽ ഇപ്പോൾ ലഭിക്കുന്ന സൗഭാഗ്യങ്ങളിൽ ഒരുപാട് സന്തോഷമുണ്ട്’, നസ്ലെന്റെ വാക്കുകൾ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ‘ലോക’. സംവിധായകൻ ഡൊമിനിക് അരുൺ തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. 30 കോടി ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് റിലീസിന് ശേഷം ഗംഭീര സ്വീകാര്യതയാണ് ലഭിച്ചത്.
അതേസമയം കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു. സിനിമയുടെ ടെക്നിക്കൽ വശങ്ങൾക്കും തിരക്കഥയ്ക്കും ഗംഭീര സ്വീകാര്യതയാണ് ലഭിക്കുന്നത്. എഡിറ്റിങ്ങും സംഗീതവും ക്യാമറയും ആർട്ട് വർക്കും തുടങ്ങി എല്ലാം ഒന്നിനൊന്ന് മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്. നസ്ലെൻ, ചന്തു സലിം കുമാർ, അരുൺ കുര്യൻ, സാൻഡി മാസ്റ്റർ തുടങ്ങി എല്ലാവരുടെയും പ്രകടനങ്ങളും കാമിയോ വേഷങ്ങളും കൈയ്യടി നേടുന്നുണ്ട്.