തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ചിത്രമായിരുന്നു സൂര്യയുടെ റെട്രോ. കാർത്തിക് സുബ്ബരാജ് ചിത്രമായിരുന്നതു കൊണ്ട് തന്നെ റെട്രോയ്ക്ക് വൻ ഹൈപ്പായിരുന്നു ആരാധകർക്കിടയിൽ നിന്നും ലഭിച്ചത്. എന്നാൽ മെയ് ഒന്നിന് റിലീസ് ചെയ്ത ചിത്രത്തിന് ആദ്യ ഷോയ്ക്ക് ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ കേരളത്തിൽ സൂര്യ ആരാധകരുൾപ്പെടെ നിരാശയിലാണ്. ചിത്രം കണ്ടതിന് പിന്നാലെ കടുത്ത നിരാശയും മലയാളികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
കങ്കുവയുടെ പരാജയത്തിന് ശേഷമുള്ള സൂര്യയുടെ മികച്ച തിരിച്ചുവരവായിരിക്കും റെട്രോ എന്നാണ് ആരാധകരടക്കം കരുതിയത്. എന്നാൽ പ്രതീക്ഷകൾ തകിടം മറിച്ചു എന്ന് തന്നെയാണ് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നത്. ‘റെട്രോ എന്നല്ല, റിട്ടയർ’ എന്ന് വേണം പേരിടാൻ എന്നാണ് ഭൂരിഭാഗം പേരുടേയും കമന്റുകൾ.
ചിത്രം ഇപ്പോൾ ട്രോളുകളിലും നിറയുകയാണ്. ‘വിജയ്ക്ക് പകരം ഇപ്പോൾ രക്ഷകന്റെ റോൾ എടുത്തിരിക്കുന്നത് സൂര്യ ആണെന്നും’ പ്രേക്ഷകർ പറയുന്നു. ‘ക്ലൈമാക്സിൽ എന്തുവാ കാണിച്ചുവച്ചിരിക്കുന്നേ’ എന്ന് ചോദിക്കുന്നവരും കുറവല്ല. സൂര്യയുടെ പെർഫോമൻസ് നല്ലതാണെന്ന് പൊതുവേ ആരാധകർ പറയുന്നുണ്ടെങ്കിലും ചിത്രത്തിന്റെ കഥയെ ആണ് പലരും വിമർശിക്കുന്നത്.
എന്നാൽ സൂര്യ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുന്ന തരത്തിലുള്ള മേക്കിങ് ആണ് ചിത്രത്തിന്റേതെന്നാണ് ചിലരുടെ അഭിപ്രായം. ‘അക്വാമാന്‍ മീഷോയില്‍ നിന്നും വാങ്ങിയത്’ എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. ‘ഉറക്കഗുളിക വേറെ ഒന്നും പറയാനില്ല’ എന്നാണ് മറ്റൊരാളുടെ കമന്റ്.
‘സൂര്യ അണ്ണന്റെ തിരിച്ചുവരവിനായി നമ്മൾ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു’.- എന്ന് പറയുന്നവരും കുറവല്ല. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയായെത്തിയത്. ജയറാം, ജോജു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സൂര്യയുടെ 2ഡി സിനിമാസും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ബെഞ്ചും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.