CelebrityChithrabhoomi

സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ആറാം തമ്പുരാനും ജഗന്നാഥനും

മാസിന് മാസും ക്ലാസിന് ക്ലാസും സമ്മാനിച്ച മോഹൻലാൽ ചിത്രങ്ങളിൽ ഒന്നായിരുന്നു ആറാം തമ്പുരാൻ. മോഹൻലാലിന്റെ ഏറ്റവും മികച്ച പെർഫോമൻസുകളിൽ മുൻപന്തിയിൽ തന്നെ കാണും ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം. തിയറ്ററുകൾ പൂരപ്പറമ്പാക്കി എന്ന് മാത്രമല്ല എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്താനും ഈ സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

മോഹൻലാൽ ഫാൻസും അറിഞ്ഞ് ആഘോഷിച്ച ചിത്രം കൂടിയായിരുന്നു ഇത്. ജ​ഗന്നാഥൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാലെത്തിയത്. മഞ്ജു വാര്യരും പ്രിയ രാമനും ആയി‌രുന്നു ചിത്രത്തിൽ നായികമാരായെത്തിയത്. ഉണ്ണിമായ എന്ന കഥാപാത്രമായി മഞ്ജു വാര്യർ നിറഞ്ഞാടിയപ്പോൾ വളരെ കുറച്ചു സമയം കൊണ്ട് നയൻതാരയായെത്തി പ്രിയ രാമനും പ്രേക്ഷക മനം കവർന്നു.

ഇപ്പോഴിതാ പ്രിയ രാമൻ അവതരിപ്പിച്ച നയൻതാരയെ വേണ്ടെന്ന് വച്ച ജഗന്നാഥനെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ഉണ്ണിമായ ഒരു ടോക്സിക് കഥാപാത്രമാണെന്നാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. ഉണ്ണിമായ എന്ന ടോക്സിക് കുശുമ്പിയേക്കാൾ എത്രയോ മികച്ചതാണ് ലിബറൽ ആയ പ്രിയ രാമന്റെ കഥാപാത്രം എന്നാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ‌.

‘ഉണ്ണിമായ ശരിക്കും ഒരു ടോക്സിക് പെഴ്സാണിലിറ്റി തന്നെ ആണ്. പ്രിയാ രാമന്റെ കഥാപാത്രം എല്ലാം നല്ല മനസ്സോടെ അം​ഗീകരിക്കുന്ന പ്രകൃതമാണ്’ എന്നും കമന്റുകളിൽ കാണാം. ‘ജഗന് ഉണ്ണിമായയോട് പ്രണയമൊന്നുമില്ല, അനാഥയായ ഒരു പെണ്ണിനെ പ്രൊട്ടക്റ്റ് ചെയ്യാനുള്ള തീരുമാനം ആണെന്ന് അയാൾ തന്നെ പറയുന്നുണ്ട്’, ‘പ്രിയ രാമനെ കെട്ടാനാണെങ്കിൽ എന്നേ ആവാമായിരുന്നു ജഗന്… പക്ഷേ ആ സ്പാർക്ക് കിട്ടിയില്ല’,

‘താൻ സ്നേഹിക്കുന്ന ആളുടെ ഉള്ളിൽ മറ്റൊരാൾ ആണെന്ന് അറിഞ്ഞപ്പോൾ ഒരു പരാതിയും പറയാതെ ഒരു ചെറു പുഞ്ചിരി മാത്രം നൽകി ഇറങ്ങി പോന്നവൾ നയൻ’, ‘അന്ന് നമ്മൾ ഉണ്ണിമായക്ക് ഒപ്പം നിന്നു…ഇന്ന് നമ്മൾ പ്രിയ രാമന്റെ കാരക്ടറിന്റെ കൂടെ നിക്കുന്നു’, ‘ജഗനോട് ഉള്ള ഇഷ്ടം ആണ് ഉണ്ണി മായക്ക് കുശുമ്പ് ഉണ്ടാകാനുള്ള കാരണം… അല്ലാതെ ഒരു കുശുമ്പി ആയിട്ട് അല്ല ആദ്യം കാണിക്കുന്നത്’, ‘ഒരുപക്ഷേ ജ​ഗനും നയനുമാണ് ചേർന്നിരുന്നെങ്കിൽ ഒരു കിടിലം വൈബ് ആയേനെ’- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിലെ സംസാരം.

ജി സുരേഷ് കുമാറും സനൽ കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പി സുകുമാറിന്റേതായിരുന്നു ഛായാ​ഗ്രഹണം. രവീന്ദ്രൻ സം​ഗീതമൊരുക്കിയപ്പോൾ പശ്ചാത്തല സം​ഗീതമൊരുക്കിയത് സി രാജാമണിയായിരുന്നു. ചിത്രത്തിലെ അഞ്ച് ​ഗാനങ്ങൾ രചിച്ചത് ​ഗിരീഷ് പുത്തഞ്ചേരിയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button