സിനിമകളെപ്പോലെ തന്നെ പരസ്യങ്ങൾക്കും വലിയ പ്രേക്ഷകസ്വീകാര്യത ലഭിക്കാറുണ്ട്. പല പരസ്യങ്ങളും ഇന്നും പ്രേക്ഷകർക്കിടയിൽ ഐക്കോണിക് ആയി തുടരുന്നുണ്ട്. ഇപ്പോഴിതാ അത്തരമൊരു പരസ്യം റിയൽ എസ്റ്റേറ്റ് മാർക്കറ്റിനെ സഹായിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് പരസ്യ സംവിധായകൻ ആയ ഹരി ആർ കെ. ഗെയിം ഓഫ് ത്രോൺസ് മോഡലിൽ സിമ്പുവിനെ നായകനാക്കി ചെയ്ത പരസ്യം മൂലം 10 ദിവസം കൊണ്ട് വിറ്റത് 950 ഫ്ലാറ്റുകളാണ് എന്ന് പറയുകയാണ് ഹരി. സുധിർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിലാണ് ഹരി ഇക്കാര്യം പറഞ്ഞത്.
‘കാസ ഗ്രാൻഡ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനി സൺ സിറ്റി എന്ന പ്രോജക്റ്റ് ലോഞ്ച് ചെയ്തിരുന്നു. 40 ഏക്കറുകളോളും പരന്നുകിടക്കുന്ന ഒരു പ്രൊജക്റ്റ് ആണത്. അവർ സിലമ്പരശനെ ബ്രാൻഡ് അംബാസിഡർ ആയി സൈൻ ചെയ്തിരുന്നു. ആ സമയത്ത് അദ്ദേഹം മുടി ഒക്കെ നീട്ടി വളർത്തി ഒരു പീരീഡ് സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. തഗ് ലൈഫിന് മുന്നേ ആയിരുന്നു അത്. ആ സമയത്ത് മുടിയും താടിയും ഒക്കെ നീട്ടി വളർത്തിയതിനാൽ അദ്ദേഹത്തെ കാണാൻ തന്നെ ഒരു രാജാവിനെപ്പോലെ ഉണ്ടായിരുന്നു.
റോമൻ ആർക്കിടെക്ച്ചർ രീതിയിലായിരുന്നു കാസ ഗ്രാൻഡ് ആ പ്രൊജക്റ്റ് ഉദ്ദേശിച്ചിരുന്നത്. ഇത് രണ്ടും കൂടി ഒന്നിപ്പിച്ച് ഗെയിം ഓഫ് ത്രോൺസ് പോലെയൊരു പരസ്യം ഞങ്ങൾ പ്ലാൻ ചെയ്തു. ആ പരസ്യത്തിന്റെ ടീസർ ഞങ്ങൾ പുറത്തിറക്കി. കുതിരകളും, യോദ്ധാക്കളും ഒക്കെയായി പക്കാ ഗെയിം ഓഫ് ത്രോൺസ് പോലെ ആയിരുന്നു അത്. മറ്റു റിയൽ എസ്റ്റേറ്റ് പരസ്യങ്ങളിൽ നിന്ന് ഇത് വ്യത്യസ്തമാകണം എന്നുണ്ടായിരുന്നു. അത് റിലീസായപ്പോൾ എല്ലാവരും ആ പരസ്യം കണ്ടു. ആ പരസ്യം കാരണം 950 ഫ്ലാറ്റുകളാണ് 10 ദിവസം കൊണ്ട് വിറ്റത്’, ഹരിയുടെ വാക്കുകൾ.




