മോളിവുഡിലെ ഈ വർഷത്തെ ആദ്യത്തെ സൂപ്പർ ഹിറ്റായിരുന്നു രേഖാചിത്രം. 50 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. ആഗോളതലത്തിൽ ചിത്രം 75 കോടി നേടുകയും ചെയ്തു. ദ് പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജോഫിൻ ടി ചാക്കോ ഒരുക്കിയ ചിത്രം കൂടിയായിരുന്നു ഇത്. ആസിഫ് അലി, അനശ്വര രാജൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. ആൾട്ടർനേറ്റീവ് ഹിസ്റ്ററിയായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.
മനോജ് കെ ജയൻ ആയിരുന്നു ചിത്രത്തിൽ വില്ലനായെത്തിയത്. കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ് രേഖാചിത്രം നിർമിച്ചത്. ഷമീർ മുഹമ്മദ് ആയിരുന്നു ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത്. ഇപ്പോഴിതാ തൊഴിലാളി ദിനത്തിൽ നിർമാതാവ് വേണു കുന്നപ്പിള്ളിയിൽ നിന്ന് ലഭിച്ച ഒരു അപ്രതീക്ഷിത സമ്മാനത്തെക്കുറിച്ച് പറയുകയാണ് ഷമീർ മുഹമ്മദ്. സിനിമ ഇറങ്ങുന്നതിന് മുൻപ് തന്നെ പറഞ്ഞ ശമ്പളം എല്ലാവർക്കും വേണു കുന്നപ്പിള്ളി നൽകിയിരുന്നു. എന്നാൽ ലോക തൊഴിലാളി ദിനമായ ഇന്ന് രാവിലെ വീണ്ടും എന്റെ അക്കൗണ്ടിൽ കാവ്യാ ഫിലിം കമ്പനിയിൽ നിന്നും ഒരു തുക ക്രെഡിറ്റായി. വിളിച്ചു ചോദിച്ചപ്പോൾ എനിക്ക് മാത്രമല്ല സിനിമയിൽ പ്രവർത്തിച്ച പ്രൊഡക്ഷൻ ബോയ്സ് മുതൽ സംവിധായകൻ വരെയുള്ള എല്ലാവർക്കും അത് ഉണ്ട്.
കാവ്യാ ഫിലിംസിന്റെ ഇതിനു മുൻപുള്ള മാളികപ്പുറത്തിനും ഇതേ പോലെ എനിക്ക് ലഭിച്ചിരുന്നു. ഇതൊരു മാതൃകയാണ്, ആത്മാർഥമായിട്ട് സിനിമക്ക് വേണ്ടി ജോലി ചെയ്യുന്ന എല്ലാവരെയും ആ സിനിമ വിജയിക്കുമ്പോൾ ഓർക്കുന്നത് എന്ന് ഷമീർ മുഹമ്മദ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. രേഖാചിത്രത്തിന്റെ സംവിധായകൻ ജോഫിൻ ടി ചാക്കോയും ഇൻസ്റ്റഗ്രാമിൽ ഷമീറിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്. ടൊവിനോ തോമസ് നായകനായെത്തുന്ന നരിവേട്ടയാണ് ഷമീർ മുഹമ്മദിന്റേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം. മെയ് 16ന് ചിത്രം തിയറ്ററുകളിലെത്തും.