നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇപ്പോഴിതാ രണ്ടാം ഭാഗത്തിൽ കാമിയോ റോളിൽ ഷാരൂഖ് ഖാനും എത്തുമെന്നാണ് റിപ്പോർട്ട്. നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ഇക്കാര്യം വെളുപ്പെടുത്തിയത്. എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. നേരത്തേ രജനികാന്ത് തന്നെ നായകനായ കൂലിയില്‍ ഗസ്റ്റ് റോളില്‍ ആദ്യം സമീപിച്ചത് ഷാരുഖിനെ ആയിരുന്നുവെന്നും അദ്ദേഹം നിഷേധിച്ചതിനു ശേഷമാണ് ആമിര്‍ ഖാന്‍ വേഷം ചെയ്യാനെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, നിമിഷനേരം കൊണ്ടാണ് മിഥുൻ ചക്രവർത്തിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാൻ തുടങ്ങിയത്.
ഈ വർഷം ജനുവരിയിലായിരുന്നു ഒരു പ്രൊമോ വീഡിയോയ്‌ക്കൊപ്പം ജയിലർ 2 ന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നത്. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. അനിരുദ്ധ് ആണ് രണ്ടാം ഭാഗത്തിനും സംഗീതം ഒരുക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം. ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തും. ചിത്രത്തിൽ വിനായകൻ അവതരിപ്പിച്ച വർമൻ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിലും വിനായകൻ ഉണ്ടാകുമെന്ന് നടൻ തന്നെ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടർ ടി വി യ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.




