ഷാരൂഖ് ഖാൻ നായകനായി എത്തുന്ന കിംഗ് സിനിമയുടെ ടൈറ്റിൽ റിവീൽ വീഡിയോ പുറത്തിറങ്ങി. കൊടൂര മാസ്സ് ആക്ഷൻ രംഗങ്ങൾ അടങ്ങിയ വീഡിയോയാണ് ഇന്ന് ഷാരൂഖിന്റെ പിറന്നാൾ ദിനത്തിൽ പുറത്തുവിട്ടത്. ഒരു പക്കാ സ്റ്റൈലിഷ് ഷാരൂഖിനെ കാണാൻ ഉറപ്പാണെന്ന് വീഡിയോയിൽ നിന്ന് തന്നെ മനസിലാക്കാം. പത്താൻ സിനിമയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന മാസ്സ് ആക്ഷൻ ചിത്രമാണ് കിംഗ്.
മുംബൈയിലെ ഗോള്‍ഡന്‍ ടുബാക്കോ സ്റ്റുഡിയോയില്‍ ഈ സിനിമയുടെ സംഘട്ടനരംഗത്തിന്റെ ചിത്രീകരണത്തിനിടെ ഷാരൂഖ് ഖാന് പരിക്കേറ്റിരുന്നു.
ഷാരൂഖ് ഖാന്റെ മകള്‍ സുഹാനാ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനിലെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ഉണ്ട്. ദീപിക പദുക്കോണ്‍, അഭിഷേക് ബച്ചന്‍, അനില്‍ കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിരുന്നു.




