വർഷങ്ങൾക്ക് ശേഷം സത്യരാജും രജനികാന്തും ഒന്നിച്ച ചിത്രമാണ് കൂലി. കരിയറിന്റെ തുടക്കത്തിൽ രജനിയുടെ സിനിമകളിൽ വില്ലൻ വേഷങ്ങൾ ചെയ്തിരുന്നത് സത്യരാജ് ആയിരുന്നു. എന്നാൽ പിന്നീട് രജനി സിനിമകളിലെ വേഷങ്ങൾ ഇദ്ദേഹം നിരസിക്കുന്നതായി വാർത്തകൾ എത്തിയിരുന്നു. ശിവാജി സിനിമയിലെ വില്ലൻ വേഷം ചെയ്യാതിരുന്നപ്പോഴാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഷങ്കർ വിളിച്ചിട്ടും താൻ ആ ചിത്രം നിരസിച്ചതിന്റെ കാരണം തുറന്ന് പറയുകയാണ് സത്യരാജ്. ‘സാക്ഷാൽ ഷങ്കർ എന്നെ വിളിച്ചിട്ടും ഞാൻ ആ പടം ചെയ്തില്ല. വേറെ ഒന്നുമല്ല, ശിവാജി എന്ന സിനിമയിൽ വില്ലനാകാൻ ഷങ്കർ എന്നെ സമീപിച്ചിരുന്നു. അന്നത്തെ എന്റെ അവസ്ഥ കുറച്ച് മോശമായിരുന്നു. നായകനായി ഞാൻ അഭിനയിച്ച പടങ്ങളെല്ലാം ഒന്നിന് പുറകെ ഒന്നായി പരാജയപ്പെട്ടു. കരിയർ തന്നെ ത്രാസിൽ നിൽക്കുന്ന അവസ്ഥയായിരുന്നു അപ്പോൾ.
അപ്പോഴാണ് രജിനിയുടെ വില്ലനായി അഭിനയിക്കാൻ എന്നെ വിളിക്കുന്നത്. അത് ഞാൻ സ്വീകരിക്കാത്തതിന്റെ കാരണം ഷങ്കർ സാറോട് പറയുകയും ചെയ്തു. ‘ഇപ്പോൾ എന്റെ പടങ്ങൾ അത്രക്ക് ഹിറ്റാകുന്നില്ല. നായകനായിട്ടാണ് ഈ സിനിമകളത്രയും ചെയ്തത്. ഇപ്പോൾ ഞാൻ രജിനിയുടെ വില്ലനായി അഭിനയിച്ചാൽ ഒരുപാട് അവസരം കിട്ടും. പക്ഷേ, വില്ലൻ വേഷത്തിൽ ടൈപ്പ്കാസ്റ്റാവും,’ സത്യരാജ് പറഞ്ഞു. കൂലി സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ശ്രുതി ഹാസനുമായി നടത്തിയ സംഭാഷണത്തിലാണ് പ്രതികരണം. അതേസമയം, വർഷങ്ങൾക്ക് ശേഷം ഇരുവരും ഒന്നിച്ച കൂലി തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടുന്നത്. ആഗോള ബോക്സ് ഓഫീസിൽ ചിത്രം വമ്പൻ കളക്ഷനിലേക്ക് കുതിക്കുകയാണ്.
500 കോടി ചിത്രം നേടിയെന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്.
ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.