സോഷ്യൽ മീഡിയയിലും സിനിമാ ലോകത്തുമൊക്കെ ഇപ്പോൾ ചർച്ച നടൻ സന്ദീപ് പ്രദീപിനെക്കുറിച്ചാണ്. എക്കോ എന്ന സിനിമയിലൂടെ വീണ്ടും സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് സന്ദീപ്. ഈ വര്‍ഷം തുടര്‍ച്ചയായ മൂന്നാമത്തെ ഹിറ്റും സമ്മാനിച്ച് മലയാള സിനിമയുടെ മുന്‍ നിരയില്‍ തന്നെ സന്ദീപ് തന്റെ സ്ഥാനമുറപ്പിച്ചു. എക്കോയിലെ പിയൂസ് എന്ന സന്ദീപിന്റെ കഥാപാത്രത്തിന് വൻ കയ്യടിയാണ് ലഭിക്കുന്നത്. എക്കോ ഹിറ്റായതോടെ സന്ദീപിന്റെ ഫിലിമോഗ്രഫി ചർച്ചയാക്കിയിരിക്കുകയാണ് ആരാധകരിപ്പോൾ. ഷോര്‍ട്ട് ഫിലിമുകളിലൂടെയാണ് സന്ദീപ് തന്റെ അഭിനയജീവിതം ആരംഭിച്ചത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത 18-ാം പടിയിലൂടെ ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയ സന്ദീപിന്റെ ആദ്യകാല ഷോര്‍ട്ട് ഫിലിമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ച.
13 വര്‍ഷം മുൻപ് പുറത്തിറങ്ങിയ സ്റ്റോറി, സ്‌ക്രീന്‍പ്ലേ, ഡയലോഗ് എന്ന ഷോര്‍ട്ട് ഫിലിമാണ് ചര്‍ച്ചയായിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥിയായ സന്ദീപിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ഇതിനോടകം വൈറലായി. സ്‌കൂള്‍ ഡ്രാമ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട മോഹന്‍രാജ് എന്ന വിദ്യാര്‍ഥിയായാണ് സന്ദീപ് വേഷമിട്ടത്. യുപി സ്‌കൂളിലെ ബെസ്റ്റ് ആക്ടര്‍ ആരായിരുന്നെന്ന് അറിയുമോ, ഈ മോഹന്‍രാജ്. എനിക്കെന്റെ കഴിവ് തെളിയിക്കണം. എന്നെ തള്ളിപ്പറഞ്ഞവരുടെ മുന്നില്‍ നല്ല നടനാണെന്ന് പറയിപ്പിക്കണം എന്ന സന്ദീപിന്റെ ഡയലോഗ് വെച്ചുകൊണ്ടുള്ള എഡിറ്റ് വിഡിയോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരിക്കുകയാണ്. ഈ ഡയലോഗിന് ശേഷം സന്ദീപിന്റെ കഥാപാത്രങ്ങളുടെ ക്ലിപ്പുകളാണ് വിഡിയോയിലുള്ളത്.
എക്കോയിലെ പീയൂസ്, പടക്കളത്തിലെ ജിതിന്‍/ രഞ്ജിത്ത്, ആലപ്പുഴ ജിംഖാനയിലെ ഷിഫാസ്, ഫാലിമിയിലെ അഭിജിത്, അന്താക്ഷരിയിലെ കാര്‍ത്തിക് എന്നീ കഥാപാത്രങ്ങളുടെ ചെറിയ ക്ലിപ്പുകള്‍ 96ലെ പാട്ടിന്റെ ട്യൂണുമായി മിക്‌സ് ചെയ്ത വിഡിയോയാണ് വൈറലായിരിക്കുന്നത്.പറഞ്ഞതു പോലെ തന്നെ ചെയ്തിട്ടുണ്ട്, ചെക്കന്‍ പണ്ടേ തീയാണല്ലോ, ഓരോ പടം കഴിയുന്തോറും കയറി വരുന്നുണ്ട് എന്നിങ്ങനെയാണ് പല പോസ്റ്റുകളുടെയും ക്യാപ്ഷനുകള്‍. നിരവധി പേരാണ് സന്ദീപിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ്.




