വമ്പന്മാര്‍ക്കെല്ലാം കാലിടറുകയാണ് ബോളിവുഡ്. എന്നാല്‍ ഇപ്പോഴിതാ സകല കണക്കുക്കൂട്ടലുകളും തെറ്റിച്ചു കൊണ്ട് രണ്ട് പുതുമുഖ താരങ്ങള്‍ എന്‍ട്രി ചെയ്തിരിക്കുകയാണ്. ആക്ഷന്‍ സിനിമകളും ത്രില്ലറുകളും ഹൊറര്‍ കോമഡികളുമെല്ലാം കണ്ടു കണ്ടു മടുത്ത ബോളിവുഡില്‍ ഒരു ‘സാധാരണ പ്രണയകഥ’ വലിയ വിജയം നേടുകയാണ്. പുതുമുഖങ്ങളായ അഹാന്‍ പാണ്ഡെയും അനീത് പദ്ദയും പ്രധാന വേഷങ്ങളിലെത്തിയ ‘സൈയ്യാര’ ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയാണ്. റിലീസായി മൂന്ന് ദിവസത്തിനകം തന്നെ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. മോഹിത് സൂരി സംവിധാനം ചെയ്ത ചിത്രം ബോളിവുഡിലെ ഇക്കൊല്ലത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാകുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മൂന്ന് ദിവസത്തിനുള്ളില്‍ 100 കോടി നേടിയ സിനിമ വരും സിനിമകളില്‍ പല വലിയ സിനിമകളുടേയും റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. വലിയ പബ്ലിസിറ്റി സ്റ്റണ്ടുകളൊന്നുമില്ലാതെ തന്നെ ഹൈപ്പ് സൃഷ്ടിക്കാനും റിലീസിന് ശേഷം വേര്‍ഡ് ഓഫ് മൗത്തിലൂടെ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സാധിച്ചതുമാണ് സിനിമയുടെ വിജയം.
വെള്ളിയാഴ്ച റിലീസ് ചെയ്ത സിനിമ ആദ്യത്തെ രണ്ട് ദിവസത്തില്‍ നേടിയത് 48 കോടിയായിരുന്നു. എന്നാല്‍ ഞായറാഴ്ച മാത്രം ചിത്രം 35 കോടി രൂപ നേടി. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നുമാത്രം 84 കോടിയലധികമാണ് സൈയ്യാര നേടിയത്. ഓവര്‍സീസ് കണക്കുകള്‍ കൂടെ വരുമ്പോള്‍ സയ്യാരയുടെ ഇതുവരെയുള്ള കളക്ഷന്‍ 119 കോടിയാണ്. സണ്ണി ഡിയോളിന്റെ ജാട്ടിനെ ഇതോടെ ചിത്രം പിന്നിലാക്കി. നിര്‍ണായകമായ ‘monday test’ ല്‍ സൈയ്യാരെ പാസാകുമെന്നാണ് ഇന്നത്തെ സൂചനകള്‍ പറയുന്നത്. അക്ഷയ് കുമാറിന്റെ കേസരി ചാപ്റ്റര്‍ 2, സ്‌കൈ ഫോഴ്‌സ്, സല്‍മന്‍ ഖാന്റെ സിക്കന്ദര്‍ തുടങ്ങിയ സിനിമകളെയെല്ലാം സൈയ്യാര അനായാസം പിന്നിലാക്കുമെന്നാണ് കരുതപ്പെടുന്നത്. മോഹിത് സൂരിയാണ് സിനിമയുടെ സംവിധാനം. അഹാന പാണ്ഡെയുടെ സഹോദരന്‍ കൂടിയായ അഹാന്‍ പാണ്ഡെയുടെ ആദ്യ സിനിമയാണിത്. പുതുമുഖം അനീത് പദ്ദയാണ് നായിക. ഇരുവരും അരങ്ങേറ്റം ഗംഭീരമാക്കിയെന്നാണ് സിനിമ കണ്ടവരെല്ലാം പറയുന്നത്. ‘ജെന്‍ സിയുടെ ആഷിഖി’ എന്ന് വിളിക്കപ്പെടുന്ന സിനിമ പുതിയ തലമുറയുമായും കാലവുമായി ചേര്‍ന്നു നില്‍ക്കുന്നതാണെന്നും അതിനാല്‍ യുവ തലമുറ ചിത്രത്തെ ഏറ്റെടുത്തുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യഷ് രാജ് ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം.
35 കോടി ബജറ്റിലാണ് സൈയ്യാര ഒരുക്കിയത്. 22 ലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റുപോയിട്ടുണ്ട്. ഇതിനോടകം തന്നെ സിനിമ ലാഭം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വലിയ വിജയമായ ഛാവയുടെ ഓപ്പണിംഗ് മാത്രമാണ് നിലവില്‍ സൈയ്യാരയ്ക്ക് മുന്നിലുള്ളത്. ഛാവ മൂന്ന് ദിവസത്തില്‍ 159 കോടി നേടിയിരുന്നു. എന്നാല്‍ ഛാവയുടെ താരനിരയും ബിഗ് ബജറ്റുമെല്ലാം കണക്കിലെടുക്കുമ്പോള്‍ സൈയ്യാരയുടെ വിജയം ഛാവയ്‌ക്കൊപ്പം നില്‍ക്കുന്നതാണ്. സമീപകാലത്ത് ഒരു പുതുമുഖത്തിന്റെ ചിത്രവും ഇതുപോലെ സ്വീകരിക്കപ്പെട്ടിട്ടില്ല. ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര എന്നിവരുടെ അരങ്ങേറ്റ ചിത്രമായ സ്റ്റുഡന്റ് ഓഫ് ദ ഇയറായിരുന്നു ഇതുവരെ ഇറങ്ങിയതില്‍ ഏറ്റവും ഹൈപ്പോടെ വന്ന പുതുമുഖങ്ങളുടെ സിനിമ. എന്നാല്‍ ആ ചിത്രത്തെയെല്ലാം ബഹുദൂരം പിന്നിലാക്കാന്‍ സൈയ്യാരയ്ക്ക് സാധിച്ചിട്ടുണ്ട്. സൈയ്യാരയുടെ ബോക്‌സ് ഓഫീസ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ അജയ് ദേവ്ഗണ്‍ ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2 റിലീസ് മാറ്റി വച്ചതും ശ്രദ്ധേയമാണ്.